ഗഡ്കരിയുടെ വിവാദ പരാമർശത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, October 10, 2018

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിവാദ പരാമർശത്തില്‍  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ സ്വപ്നങ്ങളും വിശ്വാസങ്ങളും സ്വന്തം ലാഭത്തിനായി ഒരു സർക്കാർ നശിപ്പിക്കുമെന്ന് ജനങ്ങൾ ഒരിക്കലും കരുതില്ല എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. ഗഡ്കരിയുടെ പരാമർശങ്ങളുടെ വീഡിയോയും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്താൻ കഴിയുമെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് വലിയ വാഗ്ദാനങ്ങൾ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. അധികാരത്തിൽ വന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ വാഗ്ദാനങ്ങൾക്ക് ഉത്തരവാദികൾ അല്ലല്ലോ. പക്ഷേ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ചതോടെ പ്രശ്‌നമായി. ഇപ്പോൾ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെ പറ്റി പറയുന്നു. ഞങ്ങൾ അതുകേട്ട് ചിരിക്കുന്നു. ഞങ്ങളുടെ വഴിക്ക് പോകുന്നു എന്നായിരുന്നു ഒരു മറാത്തി ടിവി ടോക്ക് ഷോയിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞത്. നടൻ നാന പടേക്കർക്കൊപ്പമാണ് കേന്ദ്രമന്ത്രി ടോക് ഷോയിൽ പങ്കെടുക്കുന്നത്. ഗഡ്കരിയുടെ പരാമർശങ്ങളുടെ വീഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

നേരത്തെ, രാജ്യത്തെ ജനങ്ങൾക്ക് നൽകാനുള്ള ജോലി എവിടെയാണെന്ന് ചോദിച്ചും ഗഡ്കരി വിവാദത്തിൽ അകപ്പെട്ടിരുന്നു. സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാഠ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ഗഡ്കരി സെൽഫ് ഗോളടിച്ചത്. സംവരണം നൽകിയെന്നു വിചാരിക്കുക. പക്ഷേ ജോലി നൽകാനില്ലാത്ത സാഹചര്യമാണ്. ബാങ്കുകളിൽ കംപ്യൂട്ടർ സാങ്കേതികതയുടെ വരവു കാരണം തൊഴിലവസരങ്ങൾ ഇല്ല. സർക്കാർ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണെന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം.