എല്‍.ഡി.എഫ് സര്‍ക്കാര്‍ നാടിനെ ലഹരിയില്‍ മുക്കുന്നു; പ്രതിഷേധവുമായി മദ്യനിരോധന സമിതി

Jaihind News Bureau
Tuesday, June 26, 2018

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ദിനാചരണത്തിനെതിരെ കേരള മദ്യനിരോധന സമിതി. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം അട്ടിമറിച്ചും മദ്യവ്യാപനം പരമാവധി വർധിപ്പിച്ചും നാടിനെ ലഹരിയിൽ മുക്കുന്ന ഇടതുസർക്കാരിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് മദ്യനിരോധന സമിതി ലഹരിവിരുദ്ധ ദിനാചരണം ബഹിഷ്‌കരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകടന പത്രികയിലൂടെ ഇടതുമുന്നണി നൽകിയ വാഗ്ദാനം, അധികാരത്തിൽ എത്തിയപ്പോൾ അവർ അട്ടിമറിച്ചെന്നാണ് മദ്യ നിരോധന സമിതികളുടെ പ്രധാന പരാതി. മദ്യ ലഭ്യത കുറച്ച് നാടിനെ മദ്യത്തിൽ നിന്നും രക്ഷിക്കുമെന്ന് ഉറപ്പുനൽകിയവർ, പരമാവധി മദ്യശാലകൾ തുറന്ന് നാടിനെ തകർക്കുന്നത് കടുത്ത ജനവഞ്ചനയാണെന്ന് അവർ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് നടീനടൻമാരെ വച്ച്‌കൊണ്ട് വ്യാജമായ മദ്യനയം പ്രചരിപ്പിക്കുകയാണ് ഇടതുമുന്നണി ചെയ്തത്. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം മൂലം ചുരുങ്ങിയ കാലംകൊണ്ട് 21 ശതമാനം മദ്യവിൽപന നാട്ടിൽ കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും മദ്യനിരോധന സമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ബാറുകളും മറ്റ് വിൽപനശാലകളും അടച്ചപ്പോൾ മദ്യോപയോഗവും മയക്കുമരുന്നുപയോഗവും വ്യാപകമായെന്ന സർക്കാർ വാദങ്ങളേയും മദ്യനിരോധന സമിതി പ്രവർത്തകർ കണക്കുകൾ നിരത്തി എതിർക്കുന്നു. ഇക്കാരണങ്ങളാൽ ഇടതു സർക്കാരിന്റെ ലഹരിവിരുദ്ധ ദിനാചരണം പ്രഹസനമാണെന്നും മദ്യനിരോധന സമിതി പ്രവർത്തർ പറഞ്ഞു.