യൂത്ത് ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

webdesk
Monday, December 24, 2018

യൂത്ത് ലീഗ് യുവജന യാത്ര ലക്ഷം പേരുടെ റാലിയോടെ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് റാലിയില്‍ അണിനിരക്കുന്ന 15,000 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ ദുരന്ത നിവാരണ സേനയായി സംസ്ഥാനത്തിന് സമര്‍പ്പിക്കും.

സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ ശിവകുമാര്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, കെ.എം ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന യുവജന യാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. യാത്രയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 13 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ജാഥ തിരുവനന്തപുരത്ത് എത്തിയത്. ഉത്തരേന്ത്യയില്‍ നടന്നതുപോലെ, വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലേക്കും കടന്നുവരുന്ന ആശങ്കാജനകമായ രാഷ്ട്രീയ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യാത്രയ്ക്ക് കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്നും വൈറ്റ് ഗാര്‍ഡ് പരേഡ് ആരംഭിക്കും.

യൂത്ത് ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനത്തിന്‍റെ തത്സമയ സംപ്രേഷണം ജയ്ഹിന്ദ് ടി.വിയിലും, ജയ്ഹിന്ദ് ടി.വി വെബ്സൈറ്റായ www.jaihindtv.in ലും ജയ്ഹിന്ദ് ടി.വിയുടെ ഫേസ്ബുക്ക്, യുട്യൂബ് ചാനലുകളിലും കാണാം.[yop_poll id=2]