തിരുവനന്തപുരം: ഒരു മാസത്തെ പര്യടനത്തിന് ശേഷം മുസ്ലീം യൂത്ത് ലീഗ് യുവജന യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പാണക്കാട് ഹൈദറാലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന് ഒരു അടിയന്തര സാഹചര്യം ഉണ്ടായാല്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായ 15000 വൈറ്റ് ഗാര്‍ഡുമാരെ സജ്ജമാക്കിയാണ് യാത്ര സമാപിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് നിന്നും പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെയും ബാന്റ് മേളത്തിന്റേയും അകമ്പടിയോടെയാണ് യുവജന ജാഥ സമാപന വേദിയിലേക്ക് തിരിച്ചത്.
13 ജില്ലകളിലും പ്രചരണം നടത്തിയ ശേഷമാണ് മുസ്ലീം യൂത്ത് ലീഗ് യുവജന യാത്ര തലസ്ഥാന നഗരിയിലെത്തിയത്. വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാത്ര.ഭരണഘടനയെ തകര്‍ക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നതെന്നും രാജ്യത്തെ ഏക മത സങ്കല്പത്തിലേക്ക് നയിക്കാനുള്ള ശ്രമം ഇന്ത്യയുടെ അടിത്തറ തകര്‍ക്കുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പാണക്കാട് ഹൈദറാലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി മുഖ്യാതിഥിയായി.കേരളത്തിന് ഒരു അടിയന്തര സാഹചര്യം ഉണ്ടായാല്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായ 15000 വൈറ്റ് ഗാര്‍ഡ് വോളിന്റിയര്‍മാരെ സജ്ജമാക്കിയാണ് യാത്ര സമാപിച്ചത്. വനിതാ മതിലിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദി ഭരണത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞ 4 വര്‍ഷമായി ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയും വ്യക്തമാക്കി. ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ വനിതാ മതിലിലൂടെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയമെന്നും അധികാരത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഭാരത ജനതയെന്നും നാരായണസ്വാമി വ്യക്തമാക്കി.
അഴിമതിപുരണ്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും വാഗ്ദാന ലംഘനത്തിന്റെ ചരിത്രവുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കര്‍ണാടക മന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, പി കെ കുഞ്ഞാലിക്കുട്ടി എം പി, ശശി തരൂര്‍ എം പി, നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മുസ്ലീം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍പങ്കെടുത്തു.