കൊച്ചിയിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Jaihind News Bureau
Monday, December 21, 2020

കൊച്ചിയിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിന്‍റെയും ആദിലിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.  നടി മാപ്പ് സ്വീകരിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കി.

മണിക്കൂറുകൾ ദൈർഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

അഭിഭാഷകനോടൊപ്പം കീഴടങ്ങാൻ ശ്രമിക്കവെ കളമശ്ശേരി കുസാറ്റിനടുത്ത് വെച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആദിലും റംഷാദും മനഃപൂർവം നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാൻ തയാറാണെന്നും മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ നടി മാപ്പ് നൽകിയത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ അമ്മയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തിൽ വനിതാകമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

അതേസമയം, ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് വിചാരണ കോടതിയിൽ ജാമ്യം തേടാനാണ് പ്രതിഭാഗത്തിന്‍റെ തീരുമാനം. അതേസമയം, നടി കൊച്ചിയിലെത്തിയാൽ മൊഴിയെടുക്കും. അതിനിടെ പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് സൂചന.