പരസ്യമായി ആരോപണങ്ങളുന്നയിച്ച ഡബ്ല്യു.സി.സി അംഗങ്ങൾക്കെതിരെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ നടപടി എടുക്കും. വനിതാ കൂട്ടായ്മയുടെ ആരോപണങ്ങളെല്ലാം തള്ളിയ എ.എം.എം.എ സെക്രട്ടറി സിദ്ദിഖ്. രാജിവെച്ചവരെ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി. അടിയന്തര ജനറൽബോഡി യോഗം വിളിക്കേണ്ട സാഹചര്യമില്ല. ദിലീപ് കഴിഞ്ഞ പത്താം തീയതി രാജിക്കത്ത് നൽകിയതാണെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
എ.എം.എം.എയുടെ നിലപാടിൽ മാറ്റമില്ല. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പവും സംഘടനയുണ്ട്. അതേസമയം ഡബ്ല്യു.സി.സിയുമായി ഇനി സമരസപ്പെട്ട് പോകില്ലെന്ന് വ്യക്തമാക്കുകയാണ് എ.എം.എം.എ. ആരോപണങ്ങളുന്നയിച്ച് പരസ്യമായി വാർത്താ സമ്മേളനം നടത്തിയ രേവതി, പാർവതി, പത്മപ്രിയ തുടങ്ങിയവർക്കെതിരെ ഇതോടെ നടപടി ഉറപ്പായി.
മോഹൻലാലിന്‍റെ ജനപിന്തുണ ഇല്ലാതാക്കാൻ ആരോപണം ഉന്നയിച്ചവർക്ക് കഴിയില്ല. നടിമാർ എന്ന് വിളിച്ചുവെന്ന ആക്ഷേപമൊക്കെ ബാലിശമാണ്. ഡബ്ല്യു.സി.സിയുടെ ഫേസ് ബുക്ക് പേജിലെ തെറിവിളി സ്വാഭാവികമാണെന്നും പ്രതികരണം.
ദിലീപിന്‍റെ തൊഴിൽ കളയാനാണ് ശ്രമം. ആരുടെയും ജോലി ഇല്ലാതാക്കുന്ന സംഘടനയല്ല എ.എം.എം.എ എന്നും സിദ്ദിഖും കെപിഎസി ലളിതയും വ്യക്തമാക്കി. മീ ടൂ ക്യാമ്പയിന്‍റെ വിശ്വാസ്യത കളയരുത്. ഏത് സിനിമയുടെ സെറ്റിലാണ് പതിനേഴുകാരിക്ക് നേരെ അതിക്രമമുണ്ടായതെന്ന് ആരോപണമുന്നയിച്ച രേവതി വെളിപ്പെടുത്തണമെന്നും എ.എം.എം.എ ആവശ്യപ്പെട്ടു.