A.M.M.A ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി WCC

Jaihind Webdesk
Monday, October 22, 2018

താരസംഘടനയായ എ.എം.എം.എക്കെതിരെ രൂക്ഷവിമർശനവുമായി വിമൻ ഇൻ സിനിമാ കളക്ടീവ്(ഡബ്‌ള്യു.സി.സി) വീണ്ടും രംഗത്ത്. രാജ്യം ‘മീ ടൂ’ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന ഈ സമയത്ത്, പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും എ.എം.എം.എയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതികരണവുമായാണ് ഡബ്‌ള്യു.സി.സി രംഗത്ത് വന്നിട്ടുള്ളത്. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ഡബ്‌ള്യു.സി.സി രൂക്ഷവിമർശനം നടത്തിയിട്ടുള്ളത്.

കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ സംഘടനയുടെ അംഗമല്ലെന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നതോടൊപ്പം മുമ്പ് ദിലീപിന്‍റെ സസ്‌പെൻഷൻ പിൻവലിച്ച നിലപാടിൽ അതിയായ നിരാശയും ഡബ്‌ള്യു.സി.സി രേഖപ്പെടുത്തുന്നു. അക്രമത്തെ അതിജീവിച്ച വിമൻ ഇൻ സിനിമാ കളക്ടീവിന്റെ സഹപ്രവർത്തകയെയും മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത എ.എം.എം.എ അവഗണിക്കുകയാണ്.

മലയാള സിനിമാ ലോകത്ത് നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനും അത്തരത്തിലുള്ള ചൂഷണങ്ങളെ നിസാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുവെന്നും കുറിപ്പിലുണ്ട്. എ.എം.എം.എയുടെ അംഗമായ ദേവികയുടെ പ്രസ്താവനയിൽ നിന്നും സംഘടനയ്ക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനകമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്‌നമല്ലെന്നും മുഴുവൻ സിനിമാ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട് തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷയ്ക്കും, ക്ഷേമത്തിനും സമത്വത്തിനും വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും, പരാതികളും പറയാനുള്ള ഒരിടമാണ് ലക്ഷ്യമാക്കിയിരുന്നത്. എങ്കിൽ മാത്രമേ ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സംഘടനകൾക്കാവൂ എന്ന വാദവും ഡബ്‌ള്യു.സി.സി മുന്നോട്ടുവെക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമാ മേഖലയുടെ ക്ഷേമത്തിനും, ഉന്നമനത്തിനും, നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഡബ്‌ള്യു.സി.സി പ്രവർത്തിച്ചുകൊണ്ടിരിക്കും.

തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ദേവിക, ശ്രുതി ഹരിഹരൻ എന്നിവരെ ഞങ്ങൾ പിന്തുണക്കുകയും അവർക്കൊപ്പം ഈ ചെറുത്തുനിൽപ്പിൽ കൂടെയുണ്ടാവുകയും ചെയ്യുമെന്നും കുറിപ്പിൽ ഡബ്ല്യു.സി.സി പറയുന്നു.

https://www.facebook.com/WomeninCinemaCollectiveOfficial/posts/1920871361354365?__tn__=K-R