മോഹന്‍ലാല്‍ രാജിക്ക്

B.S. Shiju
Tuesday, October 16, 2018

A.M.M.A പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു. തന്‍റെ തീരുമാനം അടുത്ത സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും മോഹന്‍ലാല്‍ അറിയിച്ചുകഴിഞ്ഞു. സമീപകാലത്ത് A.M.M.A യിലും WCC യിലും ഉണ്ടായ കടുത്ത അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും തന്‍റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വികാരമാണ് മോഹന്‍ലാല്‍ അടുത്ത സുഹൃത്തുക്കളോട് പ്രകടിപ്പിച്ചത്.

WCC പ്രവര്‍ത്തകര്‍ നടത്തിയ പത്രസമ്മേളനത്തിന് അനുനയത്തിന്‍റെ ഭാഷയില്‍ പ്രതികരിക്കണമെന്നായിരുന്നു മോഹന്‍ലാല്‍ അമ്മയുടെ വക്താവും ട്രഷററുമായ ജഗദീഷിനോട് ആവശ്യപ്പെട്ടിരുന്നത്. പ്രസ്താവനയുടെ വിശദാംശങ്ങള്‍ മോഹന്‍ലാലിന്‍റെ അനുമതി തേടിയതിന് ശേഷമായിരുന്ന ജഗദീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ജഗദീഷിന്‍റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സെക്രട്ടറി സിദ്ദിഖും കെ.പി.എ.സി ലളിതയുടെ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനവും മോഹന്‍ലാലിനെ ചൊടിപ്പിച്ചു എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

WCC പ്രവര്‍ത്തകരായ ചലച്ചിത്രതാരങ്ങളുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നീക്കത്തിലായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ A.M.M.Aയിലെ ദിലീപ് പക്ഷക്കാരായ സിദ്ദിഖും ഇടവേള ബാബുവും കെ.പി.എ.സി ലളിതയും കൂടി പ്രശ്നം രൂക്ഷമാക്കി എന്ന വിലയിരുത്തലിലാണ് മോഹന്‍ലാല്‍ പക്ഷം. അതേസമയം ഓരോ ദിവസം കഴിയുന്തോറും ഉയര്‍ന്നുവരുന്ന പല പ്രശ്നങ്ങളിലും അഭിനയ തിരക്ക് മൂലം കാര്യക്ഷമമായി ഇടപെടാനും മോഹന്‍ലാലിന് കഴിയുന്നില്ല.

A.M.M.A വന്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഇന്ന് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് വിലയിരുത്തലിലാണ് മോഹന്‍ലാല്‍. മാത്രവുമല്ല, തന്‍റെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളാണ് ഷൂട്ടിംഗിനായി മുന്നിലുള്ളത്. അതിനായി വേണ്ടത്ര സമയം ചെലവഴിക്കേണ്ടതുമുണ്ട്. സൈബര്‍ വിമര്‍ശനങ്ങളും വനിതാകമ്മീഷന്‍റെ നിലപാടും മോഹന്‍ലാലിന് അലോസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം സിനിമയിലെ ചില സഹപ്രവര്‍ക്കര്‍ക്കെതിരായി വന്ന മീ ടൂ വെളിപ്പെടുത്തലിലും A.M.M.A പ്രസിഡന്‍റ് അസ്വസ്ഥനാണ്.

അതേസമയം പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് A.M.M.Aയുടെ സംഭാവനയായി സ്റ്റേജ് ഷോ നടത്തി ധനം സമാഹരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതുവരെയെങ്കിലും പ്രസിഡന്‍റ് സ്ഥാനത്ത് തുടരണമെന്ന് ലാലിന് മേല്‍ പലരുടെയും സമ്മര്‍ദമുണ്ട്. എന്നാല്‍ വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍ തന്‍റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.