അമ്മയുടെ മക്കള്‍ കൊമ്പുകോര്‍ക്കുമ്പോള്‍

Jaihind Webdesk
Monday, October 15, 2018

WCC യുമായുള്ള പ്രശ്‌നങ്ങളിലെ നിലപാട് സംബന്ധിച്ച് താരസംഘടനയായ എ.എം.എം.എയിൽ ഭിന്നത. WCCക്ക് അനുകൂലമായ ജഗദീഷിന്‍റെ പത്രക്കുറിപ്പിനെ വിമർശിച്ച് എ.എം.എം.എ സെക്രട്ടറി സിദ്ദിഖും നടി കെ.പി.എ.സി ലളിതയും രംഗത്ത് വന്നു. എന്നാൽ എ.എം.എം.എ പ്രസിഡന്‍റ് മോഹൻലാലിനോട് ആലോചിച്ച ശേഷമാണ് പത്രക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷും വ്യക്തമാക്കുന്നു.

WCC നടത്തിയ പരാമർശങ്ങൾക്ക് എതിരെ എ.എം.എം.എയുടെ ഔദ്യോഗിക വക്താവെന്ന നിലയിൽ നടൻ ജഗദീഷ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനെതിരായി എ.എം.എം.എ സെക്രട്ടറി സിദ്ദിഖും നടി കെ.പി.എസി ലളിതയും രംഗത്ത് വന്നതോടെയാണ് WCC യുമായുള്ള പ്രശ്‌നങ്ങളിലെ നിലപാട് സംബന്ധിച്ച ഭിന്നത പുറത്താകുന്നത്.

നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ദിലീപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് എ.എം.എം.എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനങ്ങളെടുത്തതെന്നും അതിന് മോഹൻലാലിനെതിരെ മാത്രം ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സംഘടനയിൽ നിന്നും പുറത്താക്കുന്ന നടിമാരെ തിരിച്ചെടുക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ അധികം വൈകാതെ ജനറൽ ബോഡി വളിച്ചു ചേർക്കുമെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യങ്ങളെല്ലാം തള്ളിയാണ് സിദ്ദിഖ് രംഗത്ത് വന്നത്. അമ്മയിൽ നിന്ന് രാജിവെച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്നുമായിരുന്നു സിദ്ദിഖിന്‍റെ നിലപാട്. ജഗദീഷിനെ പത്രക്കുറിപ്പ് പുറത്തിറക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. ജനറൽ ബോഡി യോഗം ഉടൻ ചേരുമെന്ന സംഘടനാ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും സിദ്ദിഖ് തിരുത്തി. അടിയന്തരമായി ജനറൽ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവില്ല. അടുത്ത ജനറൽ ബോഡി വരുന്ന ജൂണിലാണ് ചേരേണ്ടതെന്നും സിദ്ദിഖ് വ്യക്തമാക്കി.

എന്നാൽ എ.എം.എം.എ പ്രസിഡന്‍റ് മോഹൻലാലുമായി ആലോചിച്ച ശേഷമാണ് വാർത്താക്കുറിപ്പ് തയാറാക്കിയതെന്നും സിദ്ദിഖ് വാർത്താക്കുറിപ്പ് കണ്ടിട്ടുണ്ടായിരിക്കില്ലെന്നും ജഗദീഷ് തിരിച്ചടിച്ചു. സംഘടനയുടെ വക്താവായ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ജഗദീഷ് വ്യക്തമാക്കി. ഇതിനിടെ സിദ്ദിഖ് ഉയർത്തിയ ആരോപണങ്ങൾക്ക് തക്കസമയത്ത് മറുപടി നൽകുമെന്ന് WCC അറിയിച്ചു.