ഡബ്ല്യു.സി.സി യുടെ ഫേസ് ബുക്ക് പേജിൽ അസഭ്യ വർഷം

Jaihind Webdesk
Sunday, October 14, 2018

താര സംഘടനയായ എ.എം.എം.എക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഡബ്ല്യു.സി.സി യുടെ ഫേസ് ബുക്ക് പേജിൽ അസഭ്യ വർഷം. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നടിമാർക്കെതിരെയാണ് സൈബർ അക്രമണം രൂക്ഷമായിരിക്കുന്നത്.

താരസംഘടനയായ എഎംഎംഎയെ വിമർശിച്ച വിമൻ ഇൻ സിനിമാ കളക്ടീവിനു (ഡബ്ല്യുസിസി)നേരെ സൈബർ ആക്രമണം. പ്രമുഖനടൻമാരുടെ ഫാൻസുകാരാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ നടിമാരെ അപകർത്തിപ്പെടുത്തുന്ന തരത്തിൽ അസഭ്യവർഷം നടത്തിയിരിക്കുന്നത്. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമൻറ് ബോക്‌സിൽ നിറയെ അശ്ലീല പദപ്രയോഗങ്ങളാണ്. എന്നാൽ സംഘടനയെ പിന്തുണച്ചും കമൻറുകൾ വരുന്നുണ്ട്. ഡബ്ലൂസിസിക്കെതിരെ മറ്റു സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. ശനിയാഴ്ച നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു എഎംഎംഎയെയും പ്രസിഡൻറ് മോഹൻലാലിനെയും രൂക്ഷമായി വിമർശിച്ചാണ് ഡബ്ല്യുസിസി രംഗത്തുവന്നത്. അമ്മയുടെ ഭാരവാഹികൾ നീതിമാൻമാരല്ലെന്നും തങ്ങൾ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരുമാണെന്നും വുമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങളായ നടിമാർ ഇന്നലെ തുറന്നു പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഡബ്ലുസിസിയ്ക്ക് നേരെ സൈബർ അതിക്രമം രൂക്ഷമായത്.. ഫേസ്ബുക്ക് പേജിൽ കേട്ടാലറക്കുന്ന വാക്കുകളുപയോഗിച്ചാണ് കമൻറുകൾ. സംഘടിത ആക്രമണങ്ങളെക്കുറിച്ച് ഡബ്ലൂസിസി ഇന്നലെ പ്രതികരിച്ചിരുന്നു. വാർത്താസമ്മേളനത്തിനെത്തിയ നടിമാർക്കെതിരെ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമൻറുകളും ഉണ്ട്.