വനിതാമതില്‍: കോട്ടയം ജില്ലാ കളക്ടര്‍ക്കെതിരെ പ്രതികാര നടപടി

Jaihind Webdesk
Sunday, December 23, 2018

Dr.-B.S-Thirumeni

വനിതാ മതിലിനായി മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആള് കുറഞ്ഞതിനെത്തുടർന്ന് കലക്ടർക്ക് സ്ഥാനമാറ്റം. കോട്ടയം ജില്ലാ കളക്ടർ ബി.എസ് തിരുമേനിയെ ആണ് ഹയർസെക്കൻഡറി ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയത്. സംഘാടക പിഴവിനെ തുടർന്നുള്ള പ്രതികാര നടപടി എന്നാണ് ആരോപണം.

വനിതാ മതിൽ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി തിലോത്തമൻ കഴിഞ്ഞ ദിവസം കോട്ടയത്ത് വിളിച്ചുചേർത്ത ആലോചനാ യോഗത്തിന്‍റെ ദൃശ്യങ്ങളാണിത്.

ഒഴിഞ്ഞുകിടക്കുന്ന കസേരകളാണ് അധികവും. വനിതാ മതിലിനോട് താല്‍പര്യമില്ലാത്തവർ വിട്ടുനിന്നു. പക്ഷേ പണി കിട്ടിയതാകട്ടെ ജില്ലാ കളക്ടർ ബി.എസ് തിരുമേനിക്കും. മന്ത്രിയുടെ അപ്രീതിക്ക് ഇടയായ കളക്ടർക്ക് സ്ഥാനചലനമായിരുന്നു ശിക്ഷ. ഹയർസെക്കൻഡറി ഡയറക്ടർ സ്ഥാനത്തേക്കാണ് പുതിയ നിയമനം. സംഘാടനത്തിൽ പിഴവുണ്ടായി എന്നാരോപിച്ച് പ്രതികാര നടപടിയായാണ് കളക്ടറെ മാറ്റി നിയമിച്ചത് എന്ന് കോൺഗ്രസ് പറഞ്ഞു. പകരം നിയമിച്ചത് മന്ത്രി കെ.കെ. ശൈലജയുടെ വിശ്വസ്തൻ സുധീർ ബാബു ഐ.എ.എസിനെ. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയായിരുന്നു സുധീർ ബാബു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുള്ളയാളെ ഇവിടെ കൊണ്ടുവന്നതിലും ഗൂഢലക്ഷ്യമുണ്ടെന്ന ആക്ഷേപം ഉയരുന്നു.

സാലറി ചലഞ്ചിന്‍റെ പേരിൽ ജീവനക്കാർക്കുമേൽ നിർബന്ധബുദ്ധി കാട്ടിയ സർക്കാർ ഇപ്പോൾ വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തുകയാണെന്ന് വ്യക്തമാകുന്ന സംഭവം കൂടിയാണിത്.