സി.പി.എം കിറ്റിനുള്ളിലെന്ത്? രാഷ്ട്രീയ വിദ്യാഭ്യാസത്തിനുള്ള പുസ്തകമോ പാരിതോഷികമോ?

Jaihind Webdesk
Saturday, August 24, 2019

സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ പാര്‍ട്ടി ദോഷത്തിനുള്ള പരിഹാര ക്രിയകളെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാചാലനായിരുന്നു. പാര്‍ട്ടിക്ക് ബഹുജന സ്വീകാര്യത നഷ്ടമായതിന്‍റെയും കുറ്റകൃത്യങ്ങളില്‍ പാര്‍ട്ടിയുടെ പങ്ക് തിരിച്ചറിഞ്ഞതിന്‍റെയും പശ്ചാത്തലത്തില്‍ സഖാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും എന്നതായിരുന്നു ഒരു സുപ്രധാന പ്രഖ്യാപനം.

ഇതിന് പിന്നാലെ സി.പി.എം സംസ്ഥാന സമിതി യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളുടെ കൈയില്‍ ഒരു കിറ്റ് കണ്ടപ്പോള്‍ കണ്ടുനിന്നവരുടെ ആകാംക്ഷ വര്‍ധിച്ചു. പൊതിക്കുള്ളിലെന്താണെന്ന സംശയം എല്ലാവർക്കും. സഖാക്കളുടെ രാഷ്ട്രീയ വിദ്യാഭ്യാസം വര്‍ധിപ്പിക്കാനുള്ള പുസ്തകങ്ങളാണോ എന്നതായിരുന്നു ചിലരുടെ സംശയം. ചില നേതാക്കള്‍ ഇത്തരത്തില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. രാഷ്ട്രീയ വിദ്യാഭ്യാസം ആവശ്യത്തിലും അധികമായതുകൊണ്ടാവാം, ചില നേതാക്കള്‍ കിറ്റ് കൈപ്പറ്റിയുമില്ല.

എന്നാല്‍ കിറ്റിനുള്ളില്‍ ദേശാഭിമാനിയുടെ വക മുണ്ടും ഡിന്നര്‍ സെറ്റും അടങ്ങിയ ഓണ സമ്മാനമായിരുന്നുവെന്നാണ് അണിയറയിലെ സംസാരം.