തിരുവനന്തപുരം: മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതിന് കൂടുതല്‍ ജാഗ്രതപാലിക്കേണ്ടതാണെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ആളുകള്‍ കൂടുന്ന മദ്യശാലകളും മദ്യവില്‍പന കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന ജനകീയ ആവശ്യത്തെ പാടെ തള്ളിക്കളഞ്ഞത് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ വി.എം സുധീരന്‍. പൊതുചടങ്ങുകളിലും വിവാഹചടങ്ങുകളില്‍പ്പോലും നിശ്ചിത പരിധിവിട്ട് ആളുകള്‍ കൂടരുത് എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ തന്നെയാണ് അതെല്ലാം ലംഘിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ ഷാപ്പ് ലേലത്തിന്‍റെ നടത്തിപ്പുകാരായതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ജില്ലാ ഭരണകൂടത്തിന്‍റെ പ്രതിനിധികളാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. നിയന്ത്രണങ്ങളൊക്കെ സാധാരണക്കാര്‍ക്കുമാത്രമാണെന്നും മദ്യശാല നടത്തിപ്പിനും ലേലം വിളികള്‍ക്കുമൊന്നും ഇതൊന്നും ബാധകമല്ലെന്നുമുള്ള സ്വയം വഞ്ചനാപരമായ സര്‍ക്കാരിന്‍റെ ഇത്തരം നിലപാടുകളാണ് കൊറോണ പ്രതിരോധത്തിന് യഥാര്‍ത്ഥത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത്തരം നടപടികളും സമീപനങ്ങളും കൊറോണ പ്രതിരോധത്തിനായി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളുടെ ശോഭകെടുത്തുമെന്നത് എന്തുകൊണ്ട് മന്ത്രിസഭ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അടുത്തഘട്ടത്തില്‍ കൊറോണ വ്യാപനത്തിനെതിരെയുള്ള കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭത്തിലാണ് ഇതെല്ലാമെന്നത് ഏവരേയും ആശങ്കപ്പെടുത്തുന്നതാണ്. കൊറോണ പ്രതിരോധത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരുമ്പോള്‍ അവരുടെയൊക്കെ മനോവീര്യം കെടുത്തുന്നതും, നിരാശപ്പെടുത്തുന്നതുമായ ഇത്തരം നടപടികളില്‍നിന്നും തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഇനിയെങ്കിലും പിന്തിരിഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.