
ഇടുക്കി മറയൂരില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശി ബാലമുരുകന്‍ (15), ഗുഹനാഥപുരം സ്വദേശി സഞ്ജിത്ത് (14) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
മൂന്നുപേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് വൈകിട്ട് മറയൂരിലെത്തിയത്. തുടര്‍ന്ന് പാമ്പാര്‍ പുഴയില്‍ കുളിക്കാനായി ഇറങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കരയിലിരുന്നപ്പോള്‍ ബാലമുരുകനും സഞ്ജിത്തും വെള്ളത്തിലേക്ക് ഇറങ്ങി. പുഴയില്‍ ചുഴികള്‍ നിറഞ്ഞതും അപകടം പിടിച്ചതുമായ ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഇരുവരും പാറയിടുക്കിലെ ചുഴിയില്‍ അകപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ആറ്റിലിറങ്ങി നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറയിടുക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍.