വെനസ്വലേയിൽ പ്രക്ഷോഭകരും സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

Jaihind Webdesk
Monday, March 4, 2019

വെനസ്വലേയിൽ ഏറ്റുമുട്ടൽ തുടരുന്നു. യുവാൻ ഗെയ്‌ദോ വിദേശ പര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷമായിരിക്കും കൂടുതൽ ശക്തി പ്രകടനങ്ങൾ.

വെനസ്വേലയിൽ വലിയ തോതിലുള്ള ശക്തി പ്രകടനം നടത്തുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡൻായ് യുവാൻ ഗെയ്‌ദോ പറഞ്ഞു. വിദേശ സന്ദർശനങ്ങൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരിക്കും പരിപാടികളെന്നും ഗെയ്‌ദോ പറഞ്ഞു. വെനസ്വേലയുടെ അതിർത്തികളിൽ പ്രക്ഷോഭകരുമായുള്ള സൈന്യത്തിൻറെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ബ്രസീൽ, അർജൻറീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പിക്കുകയാണ് സ്വയം പ്രഖ്യാപിത പ്രസിഡൻറ് യുവാൻ ഗെയ്‌ദോ. ഒടുവിലത്തെ സന്ദർശനം ഇക്വഡോറിലായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്നോ നാളെയോ ഗെയ്‌ദോ വെനസ്വേലയിലേക്ക് മടങ്ങിയെത്തും. ഇതിന് ശേഷമാണ് ശക്തി പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുക.

എന്നാൽ, വെനസ്വേലയിലേക്ക് മടങ്ങി വന്നാൽ മഡൂറോയുടെ സർക്കാർ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക ഗെയ്‌ദോയ്ക്കുണ്ട്.്. അതേ സമയം വെനസ്വേലയുടെ അതിർത്തിയിൽ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ബ്രസീലും കൊളംബിയയുമായുള്ള അതിർത്തി വെനസ്വേല അടച്ചതിന് ശേഷമാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ ഇപ്പോഴും അതിർത്തിയിൽ കെട്ടിക്കിടക്കുകയാണ്. വിലക്ക് അവഗണിച്ച് ദുരിതാശ്വാസ സാമഗ്രികൾ കൈപ്പറ്റുന്നതിനായി പ്രക്ഷോഭകർ ശ്രമിക്കുന്നതാണ് സംഘർഷങ്ങൾക്ക് കാരണം.