‘ഇതുവരെ മലയാളികളെയും കൊണ്ട് ഒരു തീവണ്ടി പോലും കേരളത്തിലെത്താത്തത് എന്തുകൊണ്ട്?’; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി വി.ഡി സതീശന്‍

Jaihind News Bureau
Friday, May 8, 2020

V.D-Satheeshan

 

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എ. വഷയത്തില്‍ സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.  മലയാളികളെ മടക്കി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മറ്റ് സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾ നമുക്കന്യരല്ല. അവരിലും ആവശ്യമുള്ളവരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.
1. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പാസ്സ് നൽകുന്നത് നിർത്തി വച്ചത് എന്തുകൊണ്ട് ?
2. സ്വന്തമായി വാഹനങ്ങളുള്ളവർക്ക് വരാം എന്നാണ് സർക്കാർ പറഞ്ഞത്. മറ്റുള്ളവർ എന്തു ചെയ്യും?
3. ഇതുവരെ മലയാളികളെയും കൊണ്ട് ഒരു തീവണ്ടി പോലും കേരളത്തിലെത്താത്തത് എന്തുകൊണ്ട്?
4. അയൽ സംസ്ഥാനങ്ങളായ കർണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു ഒരു കെ ഐസ് ആർ ടി സി ബസ് പോലും അനുവദിക്കാത്തത് എന്തുകൊണ്ട്?
5. നിരവധി സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ കുടുങ്ങി കിടന്നിട്ടും എന്തുകൊണ്ട് അവരെ കൊണ്ടുവരാൻ നടപടി യെടുക്കുന്നില്ല?
6. തീവണ്ടിക്കായി പ്രധാനമന്ത്രിക്ക് കത്തെഴുതി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അതിനായി റെയിൽവേയോടാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്ന റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് സർക്കാർ ഇതുവരെ കണ്ടില്ലേ? ( ഒറീസ, ബംഗാൾ, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ നാട്ടുകാരെ അങ്ങിനെയാണ് തീവണ്ടിയിൽ കേരളത്തിൽ നിന്നും കൊണ്ടുപോയതെന്ന് സർക്കാറിന് അറിയില്ലേ? )
7. എങ്ങിനെയെങ്കിലും കേരളത്തിന്റെ അതിർത്തി വരെയെത്തുന്ന മലയാളികളെയെങ്കിലും വീടുകളിലെത്തിക്കാൻ ഒരു വാഹന സൗകര്യം പോലും ഏർപ്പെടുത്താത്തത് എന്തുകൊണ്ട്?
8. ലക്ഷദ്വീപ് ഭരണകൂടം ലക്ഷദ്വീപ് നിവാസികളെ കേരളത്തിൽ നിന്നും കൊണ്ടുപോയി. പക്ഷെ ദ്വീപുകളിൽ കുടുങ്ങിക്കിടങ്ങുന്ന മലയാളികളെ കൊണ്ടുവരാൻ എന്തുകൊണ്ട് കപ്പലുകൾ ഏർപ്പെടുത്തുന്നില്ല?
ഇത് രാഷ്ട്രീയമായ ആരോപണങ്ങളൊ കുറ്റപ്പെടുത്തലുകളോ അല്ല. രാത്രിയും പകലും ഡൽഹി, ബോംബെ, ചെന്നെ, ബാംഗ്ളൂർ, അഹമ്മദാബാദ്, ഭോപ്പാൽ, ജാർഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറു കണക്കിന് ആളുകളാണ് ഉത്കണ്ഠയോടെ വിളിക്കുന്നത്.
വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ എടുക്കുന്നില്ല.
അടിയന്തിരമായി നടപടികൾ സ്വീകരിക്കണം.