“വായു” കൂടുതൽ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക്

Jaihind Webdesk
Wednesday, June 12, 2019

അറബിക്കടലിൽ രൂപംകൊണ്ട “വായു” ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക്. വടക്കുദിശയിൽ സഞ്ചരിക്കുന്ന ഇത് ബുധനാഴ്ച രാവിലെയോടെ തീവ്രചുഴലിയായി ഗുജറാത്ത് തീരത്തെത്തുമെന്നാണ് കരുതുന്നത്. അതോടൊപ്പം കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

വ്യാഴാഴ്ച അതിരാവിലെ ഗുജറാത്തിലെ പോർബന്തർ, മഹുവ തീരത്തേക്ക് കടക്കുന്നതോടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 മുതൽ 135 കിലോമീറ്റർ ആയിരിക്കും. ഈ മേഖലയിൽ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യകിഴക്കൻ അറബിക്കടലിലും അതിനോടുചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലുമായി രൂപംകൊണ്ട വായു ചുഴലിക്കാറ്റ് നിലവിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ചില ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 12 സെന്‍റീമീറ്റർ വരെ മഴ തീരദേശ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ട്.

കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടൽ, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ അറബിക്കടൽ പ്രക്ഷുബ്ധമാവും. അതിനാൽത്തന്നെ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മഴ ശക്തമാകുമെന്നതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.