തീരം തൊട്ടില്ലെങ്കിലും ഗുജറാത്തില്‍ നാശം വിതച്ച് “വായു”; ജാഗ്രതനിര്‍ദ്ദേശം തുടരുന്നു

Jaihind Webdesk
Friday, June 14, 2019

ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ദിശ മാറിയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റും മഴയും ഗുജറാത്തിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അഞ്ഞൂറിലധികം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ട്രെയിൻ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കാറ്റും മഴയും 48 മണിക്കൂർ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

‘വായു’ ബുധനാഴ്ച രാത്രി ഗതി മാറി അകന്നാണു സഞ്ചാരമെങ്കിലും സംസ്ഥാനത്തിന്‍റെ തീരമേഖലകളിൽ ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.

ഗുജറാത്ത് തീരത്തുനിന്ന് 150 കിലോമീറ്റർ അകലെയായാണു ചുഴലിക്കാറ്റു നീങ്ങുന്നത്. നിലവിൽ ഒമാൻ തീരത്ത് ‘വായു’ നിലംതൊടാനുള്ള സാധ്യതയാണുള്ളത്. കണക്കുകൂട്ടൽപ്രകാരം പാകിസ്ഥാനും ‘വായു’വിന്‍റെ പ്രഹരമേൽക്കില്ല. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ശനിയാഴ്ചയോടെയേ വായുവിന്‍റെ ഭീഷണി പൂർണമായും അകലുകയുള്ളൂ. അതുവരെ നിതാന്ത ജാഗ്രത തുടരുമെന്നും തീരരക്ഷാസേനാ കേന്ദ്രങ്ങൾ പറഞ്ഞു. സൗരാഷ്ട്ര തീരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 135-145 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ‘വായു’ കൂടുതൽ വടക്കു പടിഞ്ഞാറേക്കു നീങ്ങുമെന്ന് കാലാവസ്ഥാകേന്ദ്രങ്ങൾ വ്യക്തമാക്കി.

അതേസമയം, ‘വായു’വിന്‍റെ സഞ്ചാരപാതയ്ക്കു സമീപമുള്ള ഗുജറാത്തിന്‍റെ തീരമേഖലകളിൽ കനത്തമഴയും കാറ്റും തുടരുകയാണ്. ഗിർ, സോംനാഥ്, ജുനഗഡ്, ജാംനഗർ, പോർബന്തർ, അമ്രേലി, ഭാവ്നഗർ, ദ്വാരക, കണ്ട്ല, കച്ച് തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റിനൊപ്പമെത്തിയ പെരുമഴ നാശം വിതച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പോർബന്തറിലെ ഭൂതേശ്വർ മഹാദേവ ക്ഷേത്രം തകർന്നു. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്കു കൂറ്റൻ തിരമാലകൾ അടിച്ചുകയറുകയായിരുന്നു. പലയിടങ്ങളിലും വൈദ്യുതി, വാർത്താവിനിമയ ബന്ധം താറുമാറായി.

വൻവൃക്ഷങ്ങൾ കടപുഴകി റെയിൽ, റോഡ് ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. പശ്ചിമ റെയിൽവേ എഴുപതിലേറെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവിധ സേനാവിഭാഗങ്ങളുടെ തയാറെടുപ്പുകൾ വിലയിരുത്തി.

തീരപ്രദേശത്തെ അഞ്ഞൂറോളം ഗ്രാമങ്ങളിൽനിന്നായി മൂന്നു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് ചുഴലിക്കാറ്റിനെ നേരിടാൻ ഗുജറാത്ത് കാലേകൂട്ടി തയാറെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിമാനസർവീസുകൾ ഒഴിവാക്കി. കാലാവസ്ഥ മോശമായതു മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെയും ബാധിച്ചു. ഇക്കൊല്ലം ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ‘വായു’. ഫാനി കഴിഞ്ഞ മാസം ഒഡീഷ തീരത്തു വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു.