വാളയാറില്‍ സഹോദരിമാരിരുടെ മരണത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്. കേസില്‍ പൊലീസില്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പീഡനവിവരം നടന്ന കാര്യം ആദ്യം അറിയിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകര്‍ വന്നു ചോദിച്ചപ്പോള്‍ മാത്രമാണ് കേസിലെ പ്രതികളെ വെറുതെ വിട്ട കാര്യം താന്‍ അറിയുന്നത്. കോടതിയിലും പൊലീസിലും മക്കളെ പ്രതികള്‍ ഉപദ്രവിച്ച കാര്യം പറഞ്ഞതാണ് എല്ലാവരോടും പറഞ്ഞതാണ്. മൂത്തകുട്ടിയുടെ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം പൊലീസ് ഞങ്ങളെ കാണിച്ചില്ല അതെന്തിനാണ് അവര്‍ മറച്ചു വച്ചത്.എന്നറിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്ന കാര്യം പറഞ്ഞിരുന്നു എന്നൊക്കെ പിന്നീടാണ് ഞങ്ങള്‍ അറിയുന്നത്. അതു കൊണ്ട് രണ്ടാമത്തെ മോളുടെ മരണം നടന്നപ്പോള്‍ എല്ലാ വിവരങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നു പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
‘എന്റെ അടുത്ത ബന്ധുവാണ് കേസിലെ പ്രതിയായ മധു. അവന്‍ കുട്ടികളെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത കാര്യം ഞാന്‍ പൊലീസുകാരോടെല്ലാം പറഞ്ഞതാണ്. കോടതിയിലും പോയി പറഞ്ഞതാണ്. മൂത്തമകളെ ശല്യം ചെയ്തതിന് മധുവിനെ ഞാന്‍ പണ്ട് ചീത്ത പറഞ്ഞതാണ്. മധുവിന് കല്ല്യാണപ്രായമുള്ള പെങ്ങള്‍ ഉള്ളതു കൊണ്ട് എന്റെ മോള്‍ക്കും അതൊരു ചീത്തപ്പേരാവേണ്ട എന്നു കരുതിയുമാണ് അന്നത് വലിയ വിഷയമാക്കാതെ വിട്ടത്. പിന്നീട് മോള്‍ മരണപ്പെട്ടപ്പോള്‍ അവന്റെ ശല്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പൊലീസുകാര്‍ ഞങ്ങളെ ധരിപ്പിച്ചത്
മൂത്തമോള്‍ പോയശേഷവും ശേഷവും മധു എന്റെ മകളുടെ പിറകേ നടന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല. ഞങ്ങള്‍ ജോലിക്ക് പോയ ശേഷം മധു വീട്ടില്‍ വന്നു പോയിരുന്നു എന്ന കാര്യം ഇളയ കുട്ടിയുടെ മരണശേഷം മാത്രമാണ് ഞങ്ങള്‍ അറിഞ്ഞത്. രണ്ടാമത്തെ മോളുടെ മരണം നടന്ന് ഞാന്‍ മൊഴി കൊടുത്ത ശേഷം വൈകിട്ട് ഏഴരയോടെ പ്രതിയായ മധുവിനെ പൊലീസ് കൊണ്ടു പോയി. പിന്നെ രാത്രിയോടെ ഈ പ്രതിയെ പൊലീസ് വെറുതെവിട്ടതായി അറിഞ്ഞു. ആരാണ് മധുവിനെ ഇങ്ങനെ സഹായിക്കുന്നത് എന്നറിയില്ല.
മൂത്തകുട്ടിയുടെ മരണശേഷം പലവട്ടം എന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒരോ കാരണങ്ങള്‍ പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയില്ല. രണ്ടാമത്തെ മോളുടെ മരണം നടന്നപ്പോള്‍ ഈ കാര്യങ്ങളും പൊലീസിലും കോടതിയിലും പറഞ്ഞതാണ്. പ്രതിയായ മധു മോളെ ഉപദ്രവിച്ചിരുന്നു എന്ന് കൃത്യമായി പറഞ്ഞതാണ്. എല്ലാ ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് കേസ് അന്വേഷിക്കാന്‍ രണ്ടാമത് വന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞത്. ഇനി ഞങ്ങള്‍ പറയുന്നതൊക്കെ കള്ളമാണെങ്കില്‍ പിന്നെ മക്കള്‍ പീഡിപ്പിക്കപ്പെട്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. ഞങ്ങളെ പോലെ പാവപ്പെട്ടവരുടെ മക്കളെ ആരെന്ത് ചെയ്താലും ഇവിടെ ഒന്നും നടക്കില്ല. ആരും ചോദിക്കാനില്ല. ആരും പിന്തുണയ്ക്കാനില്ല…. ‘ – പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി.
വാളയാര്‍ പീഡനകേസ് പുനരഅന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ് ലോക്കല്‍ പൊലീസിനു പകരം മറ്റ് ഏജന്‍സികള്‍ കേസ് അന്വേഷിച്ചു കുറ്റക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
വാളയാറില്‍ പീഡനം മൂലം സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ 4 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പീഡനം നടന്നതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും കേസ് വിജയിക്കാത്തത് പ്രേസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ചയാണ്.
ഇതേ രൂപത്തില്‍ അപ്പീല്‍ പോയതുകൊണ്ട് കാര്യമില്ല. കേസില്‍ പുനരന്വേഷണമാണ് ആവശ്യം. ഇതിനായില്‍ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിനു പകരം മറ്റൊരു അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. പീഡനം നടന്നെന്നും ഉറപ്പാണെങ്കിലും പൊലീസ് ഹാജരാക്കിയ പ്രതികളാണോ കുറ്റം ചെയ്തതെന്ന് തെളിയിക്കാനായില്ല. മറ്റ് ആരെങ്കിലുമാണ് കുട്ടികളെ പീഡിപ്പിച്ചതെങ്കിലും പുനരന്വേഷണത്തിലൂടെ മാത്രമെ കുറ്റകാരെ കണ്ടെത്താനാകൂ .