സി.പി.എമ്മില്‍ വീണ്ടും ലൈംഗിക പീഡനപരാതി ; പ്രതിക്ക് പെണ്‍വാണിഭ റാക്കറ്റുമായി ബന്ധമെന്ന് സംശയം

Jaihind Webdesk
Monday, October 14, 2019

സി.പി.എമ്മിനെ പിടിച്ചുലച്ച് വീണ്ടും ലൈംഗിക പീഡന പരാതി. പെൺകുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കല്ലിയൂരിലെ പ്രാദേശിക സി.പി.എം നേതാവ് രാജീവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കല്ലിയൂർ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാജീവ് തന്നെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി നേമം പോലീസില്‍ പരാതി നല്‍കിയത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. രാജീവിന്‍റെ ഭാര്യ മുഖേനയാണ് പെണ്‍കുട്ടിയെ കെണിയിലകപ്പെടുത്തിയതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. രാജീവും ഭാര്യയും കൂടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മാസം 23 നാണ് പെണ്‍കുട്ടി നേമം പോലീസില്‍ പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്. രാജീവിനും ഭാര്യയ്ക്കും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് സംശയമുളവാക്കുന്നതാണ് പെണ്‍കുട്ടിയുടെ പരാതി. രാജീവ് തന്‍റെ ഭാര്യയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ വശത്താക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇത് രാജീവിന്‍റെ ഭാര്യ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചതെന്നും പരാതിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

പീഡനാരോപണങ്ങളില്‍ അടിപതറിയ സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് പുതിയ സംഭവം. പി.കെ ശശി, ബിനോയ് കോടിയേരി വിഷയങ്ങളില്‍ കുഴങ്ങിയ സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്  ഇപ്പോഴത്തെ വിഷയം. പെണ്‍കുട്ടിയുടെ പരാതി വിരല്‍ ചൂണ്ടുന്നത് വളരെ ഗൌരവകരമായ വിഷയത്തിലേക്കാണെന്നതും സി.പി.എമ്മിന് തലവേദനയാകും.