കേരളം നടുങ്ങിയ കൊലപാതകം: ഡോ. വന്ദന ദാസ് വധക്കേസിന്‍റെ വിധി ഇന്ന്

Jaihind News Bureau
Tuesday, March 17, 2026

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഡ്യൂട്ടിക്കിടെ അതിക്രൂരമായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. കഴിഞ്ഞ രണ്ട് വർഷത്തോളമായി നടന്ന നിയമപോരാട്ടങ്ങൾക്കും വിചാരണയ്ക്കും ശേഷമാണ് ഇന്ന് വിധി വരുന്നത്.

പ്രതി സന്ദീപിനെതിരെ അതിശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ നിരത്തിയത്. വിചാരണ വേളയിൽ എഴുപതിലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ 22 തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകൾ അടങ്ങിയ 207 രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഈ വിധി വരുമ്പോൾ കേവലം ഒരു പ്രതിയുടെ ശിക്ഷാവിധി എന്നതിനപ്പുറം, ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകൾ വീണ്ടും ചർച്ചയാവുകയാണ്.

ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ മുൻകരുതലുകളുടെ അഭാവമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. അക്രമാസക്തനായ ഒരു പ്രതിയെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പോലും അന്ന് പാലിക്കപ്പെട്ടിരുന്നില്ല. ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ജീവന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത അവസ്ഥയാണിതെന്ന് ഈ സംഭവം തെളിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടായിട്ടും കൃത്യമായ സുരക്ഷാ ഓഡിറ്റിംഗ് നടത്താനോ ആശുപത്രികളിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാനോ വകുപ്പിന് ഇന്നും പൂർണ്ണമായി സാധിച്ചിട്ടില്ല.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും വന്ദനയുടെ മരണത്തിന് ആക്കം കൂട്ടി. ഒരു പ്രതിയെ ഡോക്ടറുടെ മുന്നിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഈ കേസിനെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാവുകയും നിയമനിർമ്മാണം നടത്തുകയും ചെയ്തെങ്കിലും, വന്ദനയുടെ ജീവൻ ബലിനൽകേണ്ടി വന്നത് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും കണ്ണുതുറപ്പിക്കാൻ വേണ്ടിയായിരുന്നു എന്നത് ദുഃഖകരമായ വസ്തുതയാണ്. ഇന്നത്തെ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാഠമാകുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.