സംസ്ഥാനമൊട്ടാകെ പ്രതിഷേധക്കടലായി യു.ഡി.എഫ് ഉപരോധം

Jaihind Webdesk
Wednesday, January 23, 2019

തിരുവനന്തപുരം: പ്രളയാന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയില്‍ പ്രതിഷേധിച്ചുകൊണ്ട് യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിച്ചു. ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ഭരണം കാരണം ജനങ്ങള്‍ക്ക് ലഭിച്ചത് പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 28 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയും വലിയ സുരക്ഷ പിണറായിയെ ആര് എന്തു ചെയ്യാനാണ്- ചെന്നിത്തല ചോദിച്ചു. സുരക്ഷയ്‌ക്കൊക്കെ ഒരു മര്യാദ വേണമെന്നും അദ്ദേഹം തുറന്നടിച്ചു. കൊല്ലത്തെ കളക്‌ട്രേറ്റ് ഉപരോധം ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ആലപ്പുഴ കളക്‌ട്രേറ്റ് ഉപരോധം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും, തൃശ്ശൂരില്‍ ക്യാമ്പയില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരനും പാലക്കാട് നിയമസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ.എം.കെ. മുനീറും കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കളക്‌ട്രേറ്റ് ധര്‍ണ്ണ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യും മലപ്പുറത്ത് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.യും കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും കാസര്‍ഗോഡ് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു.

വമ്പിച്ച ജനപങ്കാളിത്തമാണ് എല്ലാഉപരോധ കേന്ദ്രങ്ങളിലും കണാനായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങളെ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കി. സംസ്ഥാനത്തെ വര്‍ഷങ്ങളോളം പുറകോട്ട് നയിക്കുന്ന നിലപാടുകളാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
നവകേരളത്തിനായി എന്ന് അവകാശപ്പെട്ട് പിരിവ് നടത്തിയതല്ലാതെ, പുതുതായി ഒന്നും ചെയ്യാന്‍ സര്‍ക്കാറിനായില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രളയ ആനുകൂല്യ വിതരണത്തില്‍ പോലും സി പി എം രാഷ്ട്രീയ ഇടപെടല്‍ നടത്തി. പാവപ്പെട്ട പ്രളയബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചു. പ്രളയബാധിതരെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയാണ് സെസ്സ് എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം.മുരളി അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് എം.ലിജു അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

രാവിലെ 6 മണി മുതല്‍ തന്നെ കളക്ട്രേറ്റിന്റെ ഇരു കവാടങ്ങളും യു ഡി എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.  കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ യു ഡി എഫ് നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം കേരള കോണ്‍ഗ്രസ്സ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ.സി ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പടെയുള്ള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.പ്രളയ ദുരിതാശ്വാസത്തില്‍ കുറ്റകരമായ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന്  പി.ജെ ജോസഫ് പറഞ്ഞു. ദുരിതാശ്വാസമായി കിട്ടിയ നാലായിരം കോടി കൈയില്‍ വെച്ച് സര്‍ക്കാര്‍ കിടന്നുറങ്ങി. 31000 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് 5700 കോടി രൂപയുടെ മെമ്മ റോണ്ടം ആണ് സമര്‍പ്പിച്ചത്. വരുന്ന കാലവര്‍ഷത്തിന് മുന്നെ എത്ര വീടുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു.