സങ്കടക്കെട്ടുമായി സുഗന്ധഗിരിയിലെ ഗോത്രജനത ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍; പരിഹാരം നിര്‍ദ്ദേശിച്ച് ജനനേതാവ്‌

B.S. Shiju
Friday, April 12, 2019

മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട വൈത്തിരി സുഗന്ധഗിരിയിലെ ഗോത്ര ജനത പരാതികളുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിക്ക് ചുറ്റും കൂടി. അവർ ഓരോരുത്തരായി തങ്ങളുടെ സങ്കടങ്ങൾ അദ്ദേഹത്തിന് മുന്നിൽ നിരത്തി. യു.ഡി. എഫ്. സ്ഥാനാർത്ഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിക്കാൻ സുഗന്ധഗിരിയിലെ കുടുംബ സംഗമത്തിനെത്തിയതായിരുന്നു അദ്ദേഹം.

സുഗന്ധഗിരി കോളനിയിൽ വെച്ച് നടന്ന ആദിവാസി സംഗമത്തിൽ പങ്കെടുത്ത ശേഷം
പ്രസംഗം കഴിഞ്ഞിറങ്ങിയ ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു. ആ സമയത്താണ് പരാതികളുമായി ഗോത്ര ജനത അദ്ദേഹത്തിനരികിലെത്തിയത്.

മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ടതും മറ്റും അവർ ഓരോരുത്തരായി തങ്ങളുടെ സങ്കടങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ഏറ്റവും വലിയ സാമൂഹ്യ ക്ഷേമ പരിപാടികളാണ് അധികാരത്തിൽ എത്തിയാൽ യു.പി.എ നടപ്പിലാക്കാൻ പോകുന്നത്.  ആദിവാസി വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിരവധി പരിപാടികൾക്ക് ഊന്നൽ നൽകുമെന്നും പറയുന്നത് അതുപോലെ ചെയ്യുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും ഉമ്മൻചാണ്ടി ഉറപ്പ് നൽകി. അതേ സമയം കഴിഞ്ഞ അഞ്ചുവർഷവും ജനവിരുദ്ധ ഭരണമാണ് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. കേരളത്തിലെ മുഴുവൻ സീറ്റുകളും യു ഡി എഫ് തൂത്തുവാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.