സി.പി.എം കൊലയാളികള്‍ക്ക് പരോളില്‍ സുഖവാസം; ടി പി കേസിലെ പ്രതി ആട്ടവും പാട്ടുമായി യുവതികള്‍ക്കൊപ്പം; പരോള്‍ നേടിയത് കടുത്ത അസുഖമാണെന്ന് പറഞ്ഞ്

Jaihind Webdesk
Sunday, February 24, 2019

കണ്ണൂര്‍: അസുഖമാണെന്ന് പറഞ്ഞ് പരോളിലിറങ്ങിയ ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവിതകള്‍ക്കൊപ്പം പാട്ടും നൃത്തവുമായി പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ടി പി കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് മുഹമ്മദ് ഷാഫി. അസുഖമുണ്ടെന്ന കാരണം പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാര്‍ട്ടി പരിപാടികളും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഷാഫി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോള്‍ അനുവദിച്ചിരുന്നു.

രണ്ടാം പ്രതിയായ കിര്‍മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിര്‍മ്മാണിക്കും 45 ദിവസത്തെ അടിയന്തര പരോള്‍ വീണ്ടും അനുവദിച്ചിട്ടുണ്ട്. ഷാഫിയും നേരത്തേ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്. എ എന്‍ ഷംസീര്‍ എം എല്‍ എയടക്കം അന്ന് ഷാഫിക്ക് ആശംസ നേരാനെത്തിയിരുന്നു.
കൊയിലാണ്ടിയില്‍ നടന്ന വിവാഹത്തില്‍ 2000ത്തോളം പേര്‍ പങ്കെടുക്കുകയും ഷാഫിയെ തുറന്ന കാറില്‍ ആനയിക്കുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ടിപി കേസിലെ 13-ാം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മുഖ്യപ്രതി കൊടി സുനി ജയിലിലിരിക്കെ സാമ്പത്തിക വിഷയങ്ങളില്‍ ക്വട്ടേഷനെടുക്കുകയും തലശ്ശേരി സ്വദേശിയെ പരോളിലിറങ്ങി ആക്രമിച്ചതിനു കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിയും പാടിയുമുള്ള വീഡിയോ പ്രചരിക്കുന്നത്. ഏതോ ഒരു സല്‍ക്കാര ചടങ്ങില്‍ പാട്ടിനൊപ്പം യുവതികള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
നേരത്തേ, കൊടി സുനി പരോളിലിറങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ വിനോദസഞ്ചാരത്തിനു പോയതായി വിവരമുണ്ടായിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ നൃത്തച്ചുവടുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി മുന്‍ അംഗം കുഞ്ഞനന്തന്‍ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും പരോളിലാണ്. അസുഖബാധിതനെന്നു പറഞ്ഞ് ശിക്ഷാകാലാവധിയുടെ മുക്കാല്‍ ഭാഗം ദിവസങ്ങളിലും കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ വരെ നിയമപോരാട്ടം നടക്കുകയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ പ്രതികള്‍ ഫേസ്ബുക്കില്‍ സജീവമായതും മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നതും വാര്‍ത്തയായിരുന്നു.