കണ്ണൂർ മൊകേരിയിൽ കോൺഗ്രസ് പ്രവർത്തകന്‍റെ കടയ്ക്കുനേരെ ബോംബേറ്

Jaihind Webdesk
Tuesday, April 16, 2019

കണ്ണൂർ∙ പാനൂർ മൊകേരി പാത്തിപ്പാലത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കടയ്ക്കുനേരെ ബോംബേറ്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കെ.എം രഞ്ജിത്തിന്‍റെ മിനർവ ടെയ്‌ലേഴ്സിന് നേരെയാണ് രാത്രിയുടെ മറവിൽ ബോംബേറുണ്ടായത്. കടയുടെ ഷട്ടറും ചുമരും ബോംബേറിൽ തകർന്നു. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു.

യു.ഡി.എഫ് നേതാക്കളായ കെ.പി. സാജു, വി നാസർ മാസ്റ്റർ, ഹരിദാസ് മൊകേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സി.പി.എം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് നേതാക്കൾ പറയുന്നു. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.