വി.എസ് വേണ്ട പിണറായി മതി; പ്രചാരണ പരിപാടികളില്‍ വി.എസ് അച്യുതാനന്ദന്റെ സാന്നിധ്യം കുറയ്ക്കാന്‍ സി.പി.എം തീരുമാനം

Jaihind Webdesk
Sunday, March 17, 2019

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കറിവേപ്പിലയായിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടിപരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിപ്പെടുന്നതിന് പിന്നാലെ വി.എസിനെക്കൊണ്ട് പാര്‍ട്ടിക്ക് ആകെ ഗുണമുണ്ടായിരുന്ന പ്രചാരണ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സി.പി.എമ്മിനുള്ളില്‍ ധാരണ. പിണറായി സര്‍ക്കാരിനും പാര്‍ട്ടിയിലെ ചില വിഷയങ്ങളിലും ഉടക്കി നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍ ഇതിലേതെങ്കിലും ഒന്ന് പ്രചാരണ പരിപാടിയില്‍ പരാമര്‍ശിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയത്താലാണ് ഈ മാറ്റിനിര്‍ത്തല്‍. വി.എസിന്റെ അതൃപ്തി ആവോളമുള്ള ആര്‍. ബാലകൃഷ്ണപിള്ളയ്ക്കായിരിക്കും വി.എസിനേക്കാള്‍ വേദിയുണ്ടാകുക.
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചാരണത്തിന്റെ പ്രധാന ചുമതല. ഒപ്പം, കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും പ്രചാരണത്തിനിറങ്ങും. ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ മാത്രം പേരിന് പ്രചരണത്തിനിറക്കിയ ശേഷം വി.എസിനെ മൂലയ്ക്ക് ഇരുത്താനാണ് ധാരണയായിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ പല വിഷയങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ച് വി.എസ് രംഗത്തുവന്നിരുന്നു. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം, പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്, മൂന്നാര്‍ ഭൂമി കയ്യേറ്റം, ഹാരിസണ്‍ മലയാളം കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വി.എസ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഏറ്റവുമൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും രാഷ്ട്രീയകൊലപാതകത്തിന് ഇരയാക്കിയ നടപടിക്കെതിരെയും വി.എസ് രംഗത്തുവന്നിരുന്നു. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ വി.എസ് ഉന്നയിച്ചാല്‍ മുന്നണിക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ക്ഷീണമാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.
അതേസമയം, അനാരോഗ്യം പരിഗണിച്ചാണ് വി.എസിനെ എല്ലായിടത്തും പ്രചാരണത്തിന് ഇറക്കാത്തതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലാകും വി.എസ് പ്രചാരണത്തിന് ഇറങ്ങുക.രണ്ട് മണ്ഡലം കണ്‍വെന്‍ഷനുകള്‍ വി.എസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ആലപ്പുഴയിലെ കണ്‍വെന്‍ഷന്‍ മാത്രമാണ് വി.എസ് ഉദ്ഘാടനം ചെയ്തത്.

ഭൂരിഭാഗം മണ്ഡലം കണ്‍വെന്‍ഷനുകളും ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയനാണ്. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരും പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകും. ഇവര്‍ എല്ലാ ജില്ലകളിലും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. മാവേലിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ആര്‍. ബാലകൃഷ്ണപിള്ള തുടര്‍ന്നും വിവിധ കേന്ദ്രങ്ങളില്‍ ഇടതുമുന്നണിക്കായി പ്രചാരണ രംഗത്ത് ഉണ്ടാകും.