ഇത് ധൂര്‍ത്തില്ലാതെ ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭം; ഐക്യവും കൂട്ടായ്മയുമാണ് പ്രതിരോധത്തിനുള്ള ഏക ആശ്രയം.. അതില്‍ വിള്ളൽ വീഴ്ത്തരുത് : വി എസ് അച്യുതാനന്ദൻ

Jaihind News Bureau
Monday, April 6, 2020

ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണിതെന്ന്​ ഭരണ പരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​. അച്യുതാനന്ദൻ. ജനങ്ങളുടെ സഹകരണവും ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ് ലോകത്തെ ആകമാനം പിടിച്ചുലച്ച കൊവിഡിന്‍റെ ആഘാതം ഇതുവരെ അത്ര വലുതായി ഏല്‍ക്കാത്തതെന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രത പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തുവെന്നും ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കൊവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹം, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്നുറപ്പാണെന്ന ആത്മ വിശ്വാസവും പ്രകടിപ്പിക്കുന്നു.

വി.എസ്. അച്യുതാനന്ദന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം…

കൊറോണ വൈറസിന്‍റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേല്‍ക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്.

പക്ഷെ, രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരും. സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭവുമാണിത്.

ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്.