കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍പ്പെട്ടു ; ചികിത്സിച്ച ഡോക്ടര്‍മാർ ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തില്‍

Jaihind News Bureau
Monday, March 16, 2020

തിരുവനന്തപുരം/കൊല്ലം : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിന് കോവിഡ്–19 ആണെന്ന് സംശയം. ചികിത്സ നൽകിയതിനുശേഷമാണ് ഇയാൾ കോവിഡ് നിരീക്ഷണത്തിലായിരുന്നെന്ന് ഡോക്ടർമാർ അറിഞ്ഞത്. തുടർന്ന് ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.

സൗദിയില്‍ നിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലുള്ളപ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ടത്.  ബൈക്കില്‍ കുടുംബവുമായി പുറത്തുപോകവെ പള്ളിമുക്കിനടുത്ത് എ.കെ.ജി ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കുട്ടിക്കും പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയും കുട്ടിയും നിരീക്ഷണത്തിലാണ്. യുവാവുമായി ഇടപഴകിയ ഡോക്ർമാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.

നിരീക്ഷണത്തിലാണെന്നറിയാതെയാണ് ഇവരെ ചികിത്സിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച ഇയാള്‍ക്ക് അടിയ അടിയന്തര ചികിത്സ നൽകിയശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷമാണ് ഇയാള്‍ കോവിഡ് നിരീക്ഷണത്തിലാണെന്ന വിവരം ബന്ധുക്കളില്‍ നിന്ന് അറിയുന്നത്. ഇതോടെ ഇയാളെ ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിലായി.