എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും

Jaihind Webdesk
Friday, April 21, 2023

SNC-Lavalin-Pinarayi

ന്യൂഡല്‍ഹി: എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ്  സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.

കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.  ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല.