ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍; ബാങ്കിനെതിരെ പ്രതിഷേധം

Jaihind Webdesk
Tuesday, May 14, 2019

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണിക്കിടെ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തീപ്പൊള്ളലേറ്റ് മകള്‍ വൈഷ്ണവി (19) മരിച്ചു. വൈഷ്ണവിയുടെ അമ്മ ലേഖ (40) ഗുരുതരാവസ്ഥയിലാണ്. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നെയ്യാറ്റിന്‍കര കനറാ ബാങ്കില്‍ നിന്ന് 15 വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പയായി എടുത്തിരുന്നത്. പലിശസഹിതം ഇപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപ അടയ്ക്കണം.

ഇതോടെ വീടും വസ്തുവകകളും ജപ്തി ചെയ്യുമെന്ന് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നു. വായ്പ തിരിച്ചടവിന് വീട്ടുകാര്‍ സാവകാശം ചോദിച്ചിരുന്നു. മെയ് പത്താം തീയതി ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് സാവകാശം ചോദിച്ചത്. ഒടുവില്‍ മെയ് 15ാം തീയതി വരെയാണ് ബാങ്ക് സാവകാശം ചോദിച്ചിരുന്നത്. അത് ഇന്ന് തീരുകയാണ്. ജപ്തി ഉണ്ടാവുമെന്ന് ഭയന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അമ്മയും മകളുമെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു.

ബാങ്ക് സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന് ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. വായ്പാ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് സമ്മതിച്ചില്ല. അഞ്ചുലക്ഷം വായ്പയെടുത്തു, എട്ടുലക്ഷത്തിലേറെ തിരിച്ചടച്ചു. ഭാര്യയും മകളും ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണം ബാങ്കിന്‍റെ സമ്മര്‍ദമാണ് – ചന്ദ്രന്‍ പറഞ്ഞു.