‘സൂര്യനമസ്കാരം പോലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടി എന്തെങ്കിലും ആസനം നിർദേശിക്കൂ’ മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

Jaihind News Bureau
Monday, February 10, 2020

ന്യൂഡല്‍ഹി : ശക്തി കൂട്ടാന്‍ താന്‍ സൂര്യനമസ്കാരം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മോദിയെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടി പ്രധാനമന്ത്രി എന്തെങ്കിലും ആസനം (യോഗാഭ്യാസ മുറ) നിർദേശിക്കണമെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. ഉത്തര്‍ പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തൊഴിലില്ലാത്ത യുവാക്കളുടെ മർദനം ഏറ്റുവാങ്ങാനുള്ള ശക്തി സമാഹരിക്കാന്‍ സൂര്യനമസ്കാരത്തിന്‍റെ എണ്ണം കൂട്ടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടി അദ്ദേഹത്തിന് എന്തെങ്കിലും ഒരു ആസനം നിർദേശിക്കാവുന്നതാണ്’  – അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ച് ചിന്തിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പരാമർശത്തിനെ പരിഹസിച്ചാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്. തന്‍റെ മുതുക് ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്‍റെ എണ്ണം വര്‍ധിപ്പിക്കുമെന്നായിരുന്നു മോദിയുടെ പറഞ്ഞത്. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള മറുപടി പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിക്ക് മറുപടിയായാണ് മോദി സൂര്യനമസ്‌കാരത്തെക്കുറിച്ച് സംസാരിച്ചത്. ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളുടെ മർദനം ഏറ്റുവാങ്ങേണ്ടിവരുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘രാഹുല്‍ ഗാന്ധി പറഞ്ഞത് എനിക്ക് ആറ് മാസത്തിനുള്ളില്‍ അടികിട്ടുമെന്നാണ്. ഈ ആറ് മാസത്തില്‍ ഞാന്‍ സൂര്യനമസ്‌കാരം കൂടുതലായി ചെയ്യും. അപ്പോള്‍ അടിവാങ്ങിക്കാന്‍ എന്‍റെ മുതുക് തയാറായിരിക്കും’ – മോദി ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയമാണിപ്പോള്‍ അഖിലേഷ് യാദവും ഉന്നയിച്ചിരിക്കുന്നത്.