മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥി ബാലസംഘം നേതാവ്; കുട്ടിയെ സിപിഎം ഓഫീസിലേക്ക് മാറ്റി

Jaihind Webdesk
Monday, July 5, 2021

പാലക്കാട്: നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണ് വിദ്യാര്‍ഥി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടെ വി.കെ.ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.

അതേ സമയം തനിക്ക് വന്ന ഫോണ്‍വിളിയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്. അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാര്‍ഥി പറയുമ്പോള്‍ യോഗത്തിലാണെന്നും എന്തിനാണ് തുടര്‍ച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്.

തന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനാണെങ്കില്‍ എന്തിന് കോള്‍ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.