ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു

Jaihind News Bureau
Thursday, November 21, 2019

ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. വയനാട് ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ ആണ് മരിച്ചത്. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകൾ ഷഹ് ല ഷെറിന്‍.

ബുധനാഴ്ച വൈകിട്ട് 3 മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും തുടർന്ന് കാലിൽ പാമ്പ് കടിക്കുകയുമായിരുന്നു എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂളധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീട് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് വിദ്യാർത്ഥിനി മരിച്ചത്.

അമീഗ ജെബിന്‍, ആഹില്‍ ഇഹ്‌സാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.