മാസങ്ങളായി ശമ്പളമില്ല; പട്ടേല്‍ പ്രതിമയ്ക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് തൊഴിലാളികള്‍

Jaihind Webdesk
Tuesday, March 12, 2019

Patel-Statue

മോദി സര്‍ക്കാര്‍ ഏകദേശം 3,000 കോടി മുതല്‍മുടക്കില്‍ പണികഴിപ്പിച്ച പട്ടേല്‍ പ്രതിമയുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. പ്രതിമയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് ഗുജറാത്തി പത്രമായ ‘ദിവ്യ ഭാസ്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശമ്പളമില്ലാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. ഇതിന് മുന്നോടിയായി പട്ടേല്‍ പ്രതിമയ്ക്ക് മുന്നില്‍ നൂറിലേറെ വരുന്ന തൊഴിലാളികള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു.

അപ്ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് (UDS) എന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളാണിപ്പോള്‍ സമരത്തിലേക്ക് നീങ്ങുന്നത്. പ്രതിമയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ള  സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ തുടങ്ങിയവരാണ് മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറിലേറെ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

രാജ്യത്ത് നിരവധി അടിസ്ഥാന പ്രശ്നങ്ങള്‍‌ നിലനില്‍ക്കുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ  പ്രതിമ നിര്‍മാണം ഒട്ടേറെ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. നര്‍മദ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ (182 മീ) പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. തങ്ങളുടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായെന്ന് പ്രദേശത്തെ ആദിവാസി വിഭാഗവും പറയുന്നു.  പ്രതിമയ്ക്ക് ചുറ്റുമുള്ള ബോട്ടിംഗിന് വേണ്ടി നദിയുടെ ഒഴുക്കിന്‍റെ ഗതി മാറ്റിയതിനെതിരെ കര്‍ഷകരും പ്രതിഷേധവുമായി രംഗത്തെത്തി. അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന കച്ച് മേഖലയിലെ കര്‍ഷകരാണ് പ്രതിഷേധം അറിയിച്ചത്.