ശ്രീലങ്കൻ പോലീസ് മേധാവി അറസ്റ്റില്‍; നടപടി ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം തടയുന്നതിലെ പരാജയപ്പെട്ടതിനെ തുടര്‍ന്ന്

Jaihind Webdesk
Wednesday, July 3, 2019


ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശ്രീലങ്കൻ പോലീസ് മേധാവി ഇൻസ്‌പെക്ടർ ജനറൽ പുജിത് ജയസുന്ദരയെ അറസ്റ്റ് ചെയ്തു.  മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയേയും ലങ്കൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈസ്റ്റർ ദിനത്തിൽ 258 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആക്രമണ സാധ്യത മുന്നറിയിപ്പുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിച്ചില്ലെന്ന് അറ്റോർണി ജനറൽ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ,  ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കുറ്റകരമായ അനാസ്ഥയാണെന്ന് ആക്ടിംഗ് പൊലീസ് ചീഫ് ദപ്പുള ഡി ലിവേര പറഞ്ഞു.

സുരക്ഷാ വീഴചയിൽ പങ്കുള്ള മറ്റ് ഒമ്പത് പോലീസുകാരുടെ വിവരങ്ങൾ കൂടി അറ്റോർണി ജനറൽ ആക്ടിങ് പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.  ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ല.

പ്രധാന സ്ഥലങ്ങളിലെല്ലാംഅധിക ശ്രദ്ധ നൽകണമെന്നാണ് സുരക്ഷാ മേധാവികൾ മുന്നറിപ്പ് നൽകിയിരുന്നത്. ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ സ്‌ഫോടനത്തിന് പിന്നാലെ ക്ഷമാപണവും നടത്തിയിരുന്നു.  ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ട പോലീസ്, സുരക്ഷാസേനകളുടെ തലവൻമാരെ നീക്കുമെന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.  ഇതേത്തുടർന്ന് ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയായിരുന്നു.