ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ആരാധകനായ വെയിറ്ററെ തേടി സച്ചിന്‍; മാസ്റ്റര്‍ ബ്ലാസ്റ്ററിന്‍റെ അന്വേഷണത്തിന് ട്വിറ്ററില്‍ തന്നെ മറുപടി എത്തി

Jaihind News Bureau
Sunday, December 15, 2019

വിലപ്പെട്ട ഉപദേശത്തിലൂടെ തന്‍റെ കരിയര്‍ മാറ്റി മറിച്ച ആരാധകനെ 18 വര്‍ഷത്തിന് ശേഷം അന്വേഷിച്ചിറങ്ങിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നിരാശനാകേണ്ടി വന്നില്ല. സച്ചിന്‍റെ മൊബൈല്‍ ആപ്പായ 100 എംബിയില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ചെന്നൈയില്‍ നടന്ന സംഭവം വിവരിച്ചുകൊണ്ട് ആളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആരാധകരോട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചത്. ഏറെ വൈകാതെ തന്നെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഒരു ആരാധകന്‍റെ മറുപടിയെത്തി… താങ്കള്‍ തെരയുന്നത് എന്‍റെ അമ്മാവനെയാണ്… പേര് ഗുരുപ്രസാദ് സുബ്രഹ്മണ്യന്‍.

2001ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനിടെയായിരുന്നു സംഭവം. ചെന്നൈ ടെസ്റ്റിനായി എത്തിയ സച്ചിന്‍ ഹോട്ടലിലെ താമസത്തിനിടെ ഒരു കാപ്പി ചോദിച്ചപ്പോള്‍  കാപ്പിയുമായി  സച്ചിനടുത്തെത്തിയ വെയിറ്റര്‍ ക്രിക്കറ്റിനെക്കുറിച്ച് സച്ചിനോട് ഒരു കാര്യം സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയും അനുവാദം ചോദിക്കുകയും ചെയ്തു. സംസാരിക്കാന്‍ അനുമതി നല്‍കുമ്പോള്‍ സച്ചിന്‍റെ കരിയറില്‍ ഒരു വന്‍ മാറ്റത്തിന് തന്നെ അത് വഴിവയ്ക്കുമെന്ന് ഇരുവരും കരുതിയില്ല.

“താങ്കളുടെ വലിയ ആരാധകനാണ് ഞാന്‍. താങ്കള്‍ ആം ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിന്‍റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട്. ഒട്ടേറെ പന്തുകള്‍ ഏറെ തവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസിലാക്കിയത്.” ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു നിരീക്ഷണം സച്ചിന്‍ കേള്‍ക്കുന്നത്. അതുവരെ തനിക്ക് മാത്രം അറിയാമായിരുന്ന ഒരു കാര്യം… ലോകത്തില്‍ മാറ്റാരോടും ചര്‍ച്ച ചെയ്തിട്ടില്ലാത്തൊരു കാര്യം… അദ്ദേഹം മാത്രമാണ് അത് ശ്രദ്ധിച്ചത്…  അയാള്‍ അക്കാര്യം പറയുമ്പോള്‍ സച്ചിന് ആശ്ചര്യമായിരുന്നു.

പക്ഷേ അന്ന് റൂമിലേയ്ക്ക് മടങ്ങിയെത്തിയ സച്ചിന്‍, തങ്ങളുടെ ചര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി തന്‍റെ ആംഗാര്‍ഡില്‍ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തിയാണ് പിന്നീട് കളിക്കാനിറങ്ങിയത്.  അന്നുവരെ മറ്റാരുടെയും ശ്രദ്ധയില്‍പെടാത്ത കാര്യമാണ്  ആ വെയ്റ്റര്‍ പറഞ്ഞതെന്നും പിന്നീടുള്ള മാറ്റങ്ങള്‍ക്ക് കാരണക്കാരനായ  അദേഹത്തെ വീണ്ടും കാണണമെന്നും പരിചയപ്പെടണമെന്നുമുണ്ടെന്നും സച്ചിന്‍ വീഡിയോയില്‍ പറഞ്ഞു.    നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ…” സമൂഹമാധ്യമങ്ങളില്‍ സച്ചിന്‍ ആവശ്യപ്പെട്ടു.

മാസ്റ്റര്‍ ബ്ലാസ്റ്ററിന്‍റെ ആവശ്യം കേട്ടതോടെ ആരാധകരിറങ്ങി…. ആ ആരാധകനെ തേടി… വൈകാതെ കാത്തിരുന്ന സന്ദേശമെത്തി… “എന്‍റെ അമ്മാവനെയാണ് താങ്കള്‍ തെരയുന്നത്… അദ്ദേഹവും താങ്കളെക്കാണാന്‍ കൊതിക്കുന്നു…”  വര്‍ഷങ്ങള്‍ക്ക് മുമ്പ് സച്ചിന്‍ നല്‍കിയ ഓട്ടോഗ്രാഫും തെളിവായി ട്വീറ്റ് ചെയ്തു കൊണ്ട് വെങ്കട് സന്തോഷ് സച്ചിന് മറുപടി നല്‍കി.  തന്‍റെ നിരീക്ഷണങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ക്കുകയും  ചൂണ്ടിക്കാട്ടുകയും ചെയ്തതിന് ഗുരുപ്രസാദ് നന്ദിപറഞ്ഞു.

“18 വര്‍ഷം മുന്‍പ് നടന്ന സംഭവം ഓര്‍ത്തെടുത്ത സച്ചിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സച്ചിനെ നേരില്‍ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സച്ചിനെ ഇനിയും നേരില്‍ കാണണം. അദേഹത്തിന് ഉപഹാരം നല്‍കണം” ഗുരുപ്രസാദ് പറഞ്ഞു.

താജ് ഹോട്ടല്‍ ഗ്രൂപ്പും അവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ സച്ചിന് നന്ദി അറിയിച്ചു.