കുരുന്നുകള്‍ക്ക് മുന്നില്‍ ക്രിസ്മസ് അപ്പൂപ്പനായി സച്ചിന്‍

webdesk
Wednesday, December 26, 2018

Sachin-Xmas-with-kids

മുംബൈയിലെ ആശ്രയ് ചൈല്‍ഡ് കെയര്‍ സെന്‍ററിലെ കുരുന്നുകള്‍ക്ക് മുന്നില്‍ ദൈവം ക്രിസ്മസ് അപ്പൂപ്പനായി എത്തി. സ്പെഷ്യല്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി സാന്താക്ലോസിന്‍റെ വേഷത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തി. കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും അവർക്കായി കൈനിറയെ സമ്മാനങ്ങൾ നൽകുകയും ചെയ്ത താരം അവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ജിംഗിള്‍ ബെല്‍സ് എന്ന ഗാനം പാടി തങ്ങളോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ച താരത്തെ അവര്‍ സ്നേഹം കൊണ്ട് പൊതിഞ്ഞു.

ബാഡ്മിന്‍റൺ റാക്കറ്റ്, ബാറ്റ്, ഫുട്ബോൾ തുടങ്ങിയ കുട്ടികളുടെ കായികാവശ്യങ്ങള്‍ക്കായുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ സജീവമായ സച്ചിന്‍റെ പ്രവൃത്തി ഒട്ടേറെ പേര്‍ക്ക് പ്രചോദനമാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെ പങ്കുവെച്ച ആഘോഷങ്ങളുടെ വീഡിയോ വൈറലാകാന്‍ അധികസമയം വേണ്ടിവന്നില്ല. ആരാധകര്‍ മാത്രമല്ല ലോകമെമ്പാട് നിന്നുമുള്ള ആളുകള്‍ സച്ചിന്‍റെ നല്ല മനസിന് നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്.

കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവരുടെ മുഖത്ത് കാണുന്ന നിഷ്കളങ്കമായ സന്തോഷം വിലമതിക്കാനാകാത്തതാണെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.