കനത്ത സുരക്ഷയില്‍ ശബരിമല: വനിതാ പൊലീസ് നടപ്പന്തലിൽ

Jaihind Webdesk
Monday, November 5, 2018

ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കാനിരിക്കുന്ന ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിച്ച് സർക്കാർ. 50 വയസിന് മുകളിലുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് കണക്കിലെടുത്താണ് പൊലീസിന്‍റെ നീക്കം.

50 വയസിന് മുകളിലുള്ള 15 പൊലീസുകാരെയാണ് സന്നിധാനത്ത് എത്തിച്ചിട്ടുള്ളത്. ഇതിനു പുറമേ 100 വനിതാ പൊലീസുകാരെ പമ്പയിൽ എത്തിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം രൂപപ്പെട്ടാൽ 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. നേരത്തെ അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മാധ്യമങ്ങളെ സന്നിധാനത്തേക്ക് കടത്തി വിട്ടുതുടങ്ങി.

ദർശനത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരെ പൊലീസ് തടഞ്ഞതോടെ പലയിടത്തും വിശ്വാസികളും പൊലീസുമായി വാക്കുതർക്കവും ഉടലെടുത്തിട്ടുണ്ട്. തീർഥാടകരെ നിലയ്ക്കലിലേക്ക് പ്രവേശിപ്പിക്കാനും പൊലീസ് തയാറായിട്ടില്ല. സുപ്രീം കോടതി വിധിയനുസരിച്ച് യുവതികൾ ദർശനത്തിനെത്തിയാൽ തടയേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. എന്നാൽ മന:പൂർവം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനു വേണ്ടി യുവതികളെത്തിയാൽ അവരെ കടത്തി വിടില്ല. ഇതേസമയം സന്നിധാനത്തും പമ്പയിലും മൊബൈൽ ഫോണുകൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവിടെ തങ്ങുന്നവരുടെ പൂർണ വ്യക്തിവിവരങ്ങളും പൊലീസ് ദ്രുതഗതിയില്‍ ശേഖരിക്കുകയാണ്. ഇവരുടെ സൈബർ ഇടപെടലുകളടക്കം നിരീക്ഷിക്കാനാണ് തീരുമാനം. ഇതിനു പുറമേ ഇവിടങ്ങളിൽ മുഖം തിരിച്ചറിയുന്ന തരത്തിലുള്ള 12 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുമ്പ് പ്രതിഷേധങ്ങളിൽ ഉൾപ്പെട്ടിരുന്നവർ വീണ്ടുമെത്തിയാൽ ഇവരെ കണ്ടെത്താണ് ഇത്തരത്തിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ കർശന നിരീക്ഷണത്തിനു ശേഷം മാത്രമാവും മലകയറാൻ പൊലീസ് അനുവദിക്കുക. എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത പൊലീസിന് തോന്നിയാൽ ഇവരെ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയൽ രേഖ കൈവശമില്ലെങ്കിൽ ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവർക്ക് ഫലത്തിൽ ദർശനം ദുഷ്‌ക്കരമാവും. ഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തകയോ കോട്ടം വരുത്തുകയോ ചെയ്യരുതെന്നും അതത് സ്ഥലങ്ങളിലുള്ള പൊലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആറു മേഖലകളിലായി 3,000 പൊലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിട്ടുള്ളത്.