കുംഭമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട നാളെ തുറക്കും; ജാഗ്രതയോടെ പൊലീസ്

Jaihind Webdesk
Monday, February 11, 2019

Sabarimala-temple

കുംഭമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും. നട തുറക്കുന്ന ദിവസം ക്ഷേത്രത്തിൽ പൂജകൾ ഒന്നും ഉണ്ടാവില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

ബുധനാഴ്ച പുലർച്ചെ 5ന് നട തുറക്കും. കുംഭമാസ പൂജകൾക്കായി 5 ദിവസത്തേയ്ക്കാണ് നട തുറക്കുക. 17-ആം തീയതി രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

പിന്നീട് മാർച്ച് മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ക്ഷേത്രനട തുറക്കുക. മാര്‍ച്ച് 12 മുതൽ 21 വരെയാണ് ശബരിമല ഉത്സവം.

യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലും സര്‍ക്കാരിന്‍റെ നിലപാടും ഇത്തവണയും ശബരിമല തീര്‍ത്ഥാടനം സംഘര്‍ഷഭരിതമാക്കുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മൃദുസമീപനം സ്വീകരിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഫെബ്രുവരി 6ന് ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരുന്നു. അന്നേ ദിവസം വാദം ഉന്നയിക്കാന്‍ അനുവാദം ലഭിക്കാത്തവര്‍ക്ക് എഴുതി തയ്യാറാക്കിയ വാദങ്ങള്‍ 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ചയാണ് എഴുതി തയ്യാറാക്കിയ വാദങ്ങള്‍ നല്‍കേണ്ട അവസാന തീയതി.

പുനഃപരിശോധനാ ഹര്‍ജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് പരിഗണിച്ചത്. 65 ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ വന്നത്. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.

പുനഃപരിശോധന ഹര്‍ജികളെ എതിർത്ത് ബിന്ദുവും കനകദുർഗയും രേഷ്മയും ഷനിലയും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. പുനഃപരിശോധന ഹർജികളിൽ കക്ഷി ചേർക്കണമെന്നാണ് ഇവരുടെ ആവശ്യം. യുവതി പ്രവേശന വിധി പുനഃപരിശോധിയ്ക്കരുത്,
ഈ മാസം നട തുറക്കുമ്പോൾ ദർശനം നടത്താൻ സൗകര്യം വേണം തുടങ്ങിയ കാര്യങ്ങൾ അപേക്ഷയിൽ പറയുന്നുണ്ട്.