സർക്കാരിന്‍റെ സാലറി ചലഞ്ചിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷ സംഘടനകളും; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Jaihind News Bureau
Saturday, September 19, 2020

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഇടത് സർവ്വീസ് സംഘടനകൾ രംഗത്ത്. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനുമാണ് എതിർപ്പറിയിച്ച് സർക്കാരിന് നിവേദനം നൽകിയത്.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരാൻ തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇടത് സർവ്വീസ് സംഘടനകൾ എതിർപ്പറിയിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്ന് ചർച്ച നടത്താമെന്നാണ് സർക്കാരിൻ്റെ വാദം.

മന്ത്രിസഭാ തീരുമാനം പുറത്ത് വന്നതിനെ തുടർന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകളും സർക്കാർ ഡോക്ടറുമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യും എതിർപ്പറിയിച്ച്‌ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇടത് സർവ്വീസ് സംഘടനകളും എതിർപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയത്.

ആറു തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകുമെന്നാണ് സർക്കാരിൻ്റെ വാദം.

സർക്കാർ ജീവനക്കാരുടെ ശൂന്യവേതന അവധി 20 ൽ നിന്നും 5 വർഷമായി വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ രംഗത്ത് വന്നത്.

എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരന്തരമായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പതിവാക്കുന്നത് സംഘടനാ വ്യത്യാസമില്ലാതെ ജീവനക്കാർ എതിർത്തതോടെ തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ സർക്കാർ ആശങ്കയിലാണ്.