വയനാട് ചുരത്തിലൂടെ രാത്രിയിൽ യുവാക്കളുടെ “അപകടകരമായ” സാഹസിക യാത്ര

Jaihind News Bureau
Sunday, December 1, 2019

തിരക്കേറിയതും അപകട വളവുകളും ഗതാഗതകുരുക്കും നിറഞ്ഞ വയനാട് ചുരത്തിലൂടെ രാത്രിയിൽ യുവാക്കളുടെ സാഹസിക യാത്ര. കാറിന്‍റെ ഡിക്കി തുറന്നു വെച്ചും കാല്‍ പുറത്തിട്ടുമുള്ള യാത്രയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.വാഹനത്തിന് മുന്നിലും പിന്നിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴാണ് ഈ യാത്ര. അതേസമയം വാഹന ഉടമയോട് കോഴിക്കോട് ആർ ടി ഒ ഓഫീസിൽ ഹാജരാവാൻ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം ആവശ്യപ്പെട്ടു.

ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോഴാണ് നിയമത്തേയും മരണത്തേയും വെല്ലുവിളിച്ചുകൊണ്ടുള്ള യുവാക്കളുടെ സാഹസികയാത്ര. ഈ അപകട സവാരിക്കിടയിൽ ടിപ്പര്‍ ലോറിയെയും ബസിനെയും മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വാഹനങ്ങള്‍ക്കിടയിലൂടെ മീറ്ററുകള്‍ വ്യത്യാസത്തിലാണ് ഈ വാഹനങ്ങള്‍ പലപ്പോഴും കടന്നു പോകുന്നത്. അപകടം പിണഞ്ഞാൽ പണവും നിയമ സ്വാധീനവുമുപയോഗിച്ച് രക്ഷപ്പെടാം എന്ന് വിശ്വാസമാണ് ഇത്തരം അപകട യാത്രയ്ക്ക് പിന്നിലെ ആത്മവിശ്വാസം.

അതേസമയം, വാഹന ഉടമയോട്‌ നാളെ രേഖകളുമായി കോഴിക്കോട്‌ ആർടിഒ ഓഫീസിൽ ഹാജരാവാൻ എൻഫോഴ്സ്‌മെന്‍റ്‌ വിഭാഗം ആവശ്യപ്പെട്ടു. പേരാമ്പ്ര സ്വദേശി ഷഫീറിന്‍റെ ഉടസ്ഥതയിലുള്ള കാറാണ്‌‌ ചുരത്തിൽ അപകട യാത്രനടത്തിയത്‌. ലൈസൻസ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.