മരട് ഫ്‌ളാറ്റ് വിഷയം : മൂന്നിന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Sunday, September 15, 2019

Ramesh-Chennithala-Jan-15

മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുള്ള സുപ്രീം കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഈ പ്രദേശത്തിന്‍റെ സി.ആര്‍.ഇസഡ് സോണ്‍ നിശ്ചയിച്ചതിലെ പിഴവ് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്‌ളാറ്റുടമകളുടെ ഭാഗം കേള്‍ക്കാന്‍ വഴിയുണ്ടാക്കുക, ഫ്‌ളാറ്റുകള്‍ പൊളിക്കാതെ മാര്‍ഗമില്ല എന്ന അവസ്ഥ വന്നാല്‍ തുല്യമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക എന്നിവയാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍.

കഴിഞ്ഞ ദിവസം മരടിലെത്തി ഫ്‌ളാറ്റുടമകളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവന്‍ സമ്പാദ്യവും സ്വരൂപിച്ച്  ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് എല്ലാം നഷ്ടപ്പെടുന്ന അതീവ ദുഃഖകരമായ അവസ്ഥയാണ് തനിക്ക്  അവിടെ കാണേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.  ഇവരില്‍ ഭൂരിഭാഗം പേരും   ഇടത്തരക്കാരാണെന്നതാണ്  യാഥാര്‍ഥ്യം.  കിടപ്പാടം  നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല.

സുപ്രീം കോടതി നിയോഗിച്ച ജില്ലാ കളക്ടര്‍, മരട് മുന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഫ്‌ളാറ്റുകള്‍ പൊളിക്കുവാന്‍ വിധിച്ചത്.     ഈ സമിതി സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ ഫ്‌ളാറ്റുകള്‍  സ്ഥിതിചെയ്യുന്ന പ്രദേശം സി.ആര്‍.ഇസഡ് സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2011  ലെ പുതിയ സി.ആര്‍.ഇസഡ് വിജ്ഞാപനം  അനുസരിച്ചു ഈ പ്രദേശം സി.ആര്‍.ഇസഡ് സോണ്‍ രണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ഈ വിജ്ഞാപനം 28 .02 .2019  നു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട് എന്ന സുപ്രധാന വസ്തുത സമിതി പരിഗണിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ വീഴ്ച  സുപ്രീം കോടതിക്ക് മുമ്പാകെ  കൊണ്ടുവരാന്‍  സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.

ലോകത്തിലെ നിയമസംവിധാനത്തിന്‍റെ  മൂല തത്വങ്ങളില്‍ ഒന്നാണ് സ്വാഭാവിക നീതി നടപ്പാക്കുക എന്നത്. മറുവശം കൂടി കേള്‍ക്കുക  എന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ   അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച സമിതി  ഫ്‌ളാറ്റുടമകളുടെ ഭാഗം കേള്‍ക്കാന്‍  തയാറായിട്ടില്ല.  ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.

ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് താമസിക്കാന്‍ മറ്റു സ്ഥലമില്ലാത്ത വഴിയാധാരമാകുന്ന  നിരവധി കുടുംബങ്ങളാണ് ഫളാറ്റ് പൊളിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.  ഫ്‌ളാറ്റുകള്‍ പൊളിച്ചേ മതിയാവൂ എങ്കില്‍ ഫ്‌ളാറ്റുടമകളെ സമാനമായ  സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഈ പശ്ചാത്തലത്തില്‍  മാനുഷിക പരിഗണനയോടെ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.