സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് രമേശ് ചെന്നിത്തല

webdesk
Saturday, January 5, 2019

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസും ബിജെപിയും കലാപത്തിന് നേതൃത്വം നൽകുന്നുവെന്നും ഇതിന് തിരിച്ചടിച്ച് സിപിഎമ്മും കലാപത്തിന് പച്ചകൊടി കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ചയും സമാധാനവും നിലനിർത്തുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.ജി.പി പറയുന്നത് എസ് .പി.മാർ കേൾക്കാത്തത് അരാജകത്വമാണ് കാണിക്കുന്നതെന്നും അക്രമങ്ങൾ മുഖ്യമന്ത്രി കൈയും കെട്ടി നോക്കി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പരാജയമാണെന്നും കോടിയേരി വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ മുസ്ളിം പള്ളി ആകമിച്ചു. കോട്ടയത്ത് കരോൾ നടത്തിയവരെ ഡി.വൈ.എഫ് ഐ ആക്രമിച്ചു. അവർ ഇപ്പോഴും പള്ളിയിൽ കഴിയുന്നു. ഇവിടെ പോലീസ് നിഷ്ക്രിയമായി നോക്കിനില്‍ക്കുകയാണ്. ഈ അരാജകതത്വത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ മാത്രമാണ്. സർക്കാർ നിയമിച്ച എസ്.പിമാർ കഴിവല്ലാത്തവരാണോ എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ പൈലറ്റ് വാഹനം ഇടിച്ചിട്ടു. കുറ്റക്കാരായ പോലീസുകാർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. എന്നാല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള, കരിങ്കൊടി കാട്ടിയവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്. ഇതില്‍ യു.ഡി.എഫ് പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമം നടത്തിയ ബി.ജെ.പി.കാർക്ക് എതിരെ നടപടി ഇല്ല. എസ്.പി.മാരെ നിയന്ത്രിക്കുന്നത് പാർട്ടി സെക്രട്ടറിമാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയുമായി സി.പി.എം രാഷ്ട്രീയ കുട്ട്കെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസിനെ കഴിയു. സത്യം പറയുന്നവരെ സി.പി.എം സംഘിയായി മുദ്രകുത്തുന്നു. സി.പി.എമ്മിന് എതിരെ പോരാടിയ ചരിത്രമാണ് കേരളത്തിലെ കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ശബരിമല യുവതി പ്രവേശന സെൽ പ്രവർത്തിക്കുന്നു. വിശ്വാസി സമുഹം ഒറ്റക്കെട്ടായി സർക്കാരിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. വനിതാ മതിൽ പങ്കെടുത്തത് 12 ലക്ഷത്തിൽ താഴെ മാത്രം ആളുകളാണ്. സിപിഎം ബിജെപിയുമായി ചേർന്ന് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. മതിലിന് ശേഷം സിപിഎം എല്ലാവരെയും ജാതീയമായി കാണുന്നുവെന്നും
ആജീവനാന്തം ഡെപുട്ടി ലീഡറായിരിക്കാന്‍ വിധിക്കപ്പെട്ട കോടയിയേരി വർഗ രാഷ്ട്രീയം ഉപേക്ഷിച്ച് വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ച കോടിയേരിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമ രാഷ്ട്രീയത്തിനെതിരെ ജനുവരി 12 ന് സ്വാമി വിവേകാനന്ദന്റെ പ്രതിമയക്ക് മുന്നിൽ യു.ഡി.എഫ് ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ പറഞ്ഞു. ജനുവരി 23 ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും യുഡിഎഫ് ഉപരോധിക്കും. ക്രമസാധാന തകർച്ച, ഭരണസ്തംഭനം, വിശ്വാസത്തിനെതിരെ ഉള്ള കടന്നാക്രമണം എന്നീ കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് സമരം.