‘ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു, അപശകുനം എത്തിയതോടെ തോറ്റു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, November 21, 2023

 

ജയ്പുർ: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് തോല്‍ക്കാന്‍ കാരണം ‘അപശകുനം’ എന്ന് രാഹുല്‍ ഗാന്ധി. ഫൈനൽ കാണാൻ അപശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നായിരുന്നു പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് രാഹുലിന്‍റെ പരിഹാസം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിലെ ജാലോറിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം.

പ്രസംഗത്തിനിടെ സദസിൽനിന്ന് ഇതേക്കുറിച്ച് ആരോ സൂചിപ്പിച്ചപ്പോഴായിരുന്നു രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചത്. ‘‘നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, അപശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം’  – രാഹുൽ ഗാന്ധി പറഞ്ഞു. നിറഞ്ഞ കയ്യടിയായിരുന്നു രാഹുലിന്‍റെ കമന്‍റിന് സദസില്‍ നിന്നുള്ള മറുപടി.

ടീം അംഗങ്ങളെ കാണാന്‍ പ്രധാനമന്ത്രി ഡ്രസിംഗ് റൂമില്‍ പോയത് ഇതിനിടെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരു ടീമിനെ സംബന്ധിച്ച് ഡ്രസിംഗ് റൂം പവിത്രമായ ഇടമാണെന്നും കളിക്കാരെയും സ്റ്റാഫിനെയും അല്ലാതെ മറ്റാരെയും അവിടെ പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്നും ടിഎംസി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ആരോപിച്ചു. ഡ്രസിംഗ് റൂമിന് പുറത്തുവെച്ചായിരുന്നു പ്രധാനമന്ത്രി കളിക്കാരെ കാണേണ്ടിയിരുന്നത്. കായികരംഗത്ത് പുലർത്തേണ്ട മിനിമം മാന്യതയും കുലീനതയുമുണ്ടെന്ന് ആസാദ് പറഞ്ഞു. പരാജയത്തില്‍ അസ്വസ്ഥരായിരുന്ന ടീം അംഗങ്ങളുടെ അടുത്തേയ്ക്ക് പ്രധാനമന്ത്രി ക്യാമറയ്ക്കൊപ്പം പോവുകയും ഹ്രസ്വസംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത് ശരിയായില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദിയും വിമര്‍ശിച്ചു.