റഫാലില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് തടസമെന്താണ്? ജെ.പി.സി അന്വേഷണം വേണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, March 7, 2019

Rahul-Gandhi

റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണത്തിന് തടസമെന്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  റഫാലിലെ രേഖകള്‍ നഷ്ടമായെന്ന് കോടതിയില്‍ പറഞ്ഞത് പ്രധാനമന്ത്രിക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ്. റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടലുകള്‍ നടത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും എല്ലാ കാര്യങ്ങളും അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാട് വൈകിപ്പിച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്‍റെ ഇടപെടലാണ്. അനിൽ അംബാനിക്ക് പണം നൽകാന്‍ വേണ്ടിയാണ് ഇടപാട് വൈകിപ്പിച്ചത്. 30,000 കോടി രൂപയുടെ അഴിമതിയി നടന്നതില്‍ അന്വേഷണം നടത്താതെ ഫയല്‍ മോഷണം പോയതില്‍ അന്വേഷണം നടത്താനാണ് കേന്ദത്തിന്‍റെ നീക്കം. ഫയല്‍ കാണാതായതില്‍ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. 30,000 കോടി രൂപയുടെ അഴിമതി നടന്നു എന്നത് വ്യക്തമായിട്ടും ഇക്കാര്യത്തില്‍ യാതൊരു അന്വേഷണത്തിനും മോദി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

റഫാല്‍ ഇടപാടിലെ കള്ളത്തരം മറച്ചുവെക്കാന്‍വേണ്ടിയാണ് പ്രധാനമന്ത്രി പാതിരാത്രി സി.ബി.ഐ ആസ്ഥാനത്ത് അട്ടിമറി നടത്തിയത്. മോദി സർക്കാരിന്‍റെ കാലത്ത് എല്ലാം ഇല്ലാതാകുന്നതാണ് കാണാനാകുന്നതെന്നും രാഹുല്‍ പരിഹസിച്ചു. നോട്ട് നിരോധനം, യുവാക്കളുടെ തൊഴിലവസരം തുടങ്ങി റഫാൽ ഫയലുകൾ വരെ ഇല്ലാതാകുന്നു.

ജെ.പി.സി അന്വേഷണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. മോദിക്കെതിരെ അന്വേഷണത്തിന് തടസം എന്താണെന്ന് ചോദിച്ച  കോണ്‍ഗ്രസ് അധ്യക്ഷന്‍ റഫാലില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ചു.