കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച റഫാല്‍ CAG റിപ്പോര്‍ട്ട് പൂര്‍ത്തിയായി; നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും

Jaihind Webdesk
Sunday, February 10, 2019

Modi-Rafale-1

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ വെച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ത്തിയായതായി വിവരം. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും ബുധനാഴ്ച പാര്‍ലമെന്‍റില്‍ വെച്ചേക്കുമെന്നുമാണ് സൂചന. വ്യോമസേനയുടെ ആയുധ ഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് വെക്കുന്നതെന്നാണ് സൂചന.

നേരത്തെ റഫാല്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന് മുമ്പാകെയും പി.എ.സിക്ക് മുമ്പാകെയും വെച്ചുവെന്നാണ് സുപ്രീം കോടതിയെ മോദിസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചത്. ഇതിലൂടെയായിരുന്നു റഫാലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി ഉത്തരവ് മോദി സര്‍ക്കാര്‍ നേടിയെടുത്തത്. റഫാല്‍ വിഷയത്തിലെ സി.എ.ജി. റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്ന വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ഇടപെടൽ നടത്തിയ വിവരവും  കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽനിന്നു മറച്ചുവെച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ സമാന്തര ഇടപെടൽ ചൂണ്ടിക്കാട്ടി 2015ൽ പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാർ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് നൽകിയ കുറിപ്പ് റഫാൽ സംബന്ധിച്ച കേസ് പരിഗണിച്ച വേളയിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നില്ല.

റഫാലില്‍ പോരാട്ടം തുടരുന്ന കോൺഗ്രസ് ഈ വിഷയങ്ങള്‍ വരുംദിവസങ്ങളില്‍ പാർലമെന്‍റിൽ ഉന്നയിച്ചേക്കും. രേഖകൾ സർക്കാർ മറച്ചുവെച്ചെന്നും അവ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ റഫാൽ കേസിലെ വിധി മറ്റൊന്നായേനെയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. എന്തായാലും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് പാര്‍ലമെന്‍റില്‍ വെച്ചെന്ന് പറഞ്ഞ സി.എ.ജി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ പാര്‍ലമെന്‍റിന് മുമ്പാകെ എത്താനൊരുങ്ങുന്നത്.