Logo
Sat, Jun 13, 2026 • 12:52 AM
LIVE TV
Watch

No business videos available

No Middle East videos available

പൂരലഹരിയിൽ സാംസ്കാരിക നഗരി; തെക്കേ ഗോപുരവാതിൽ തുറന്നു, വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഔദ്യോഗിക വിളംബരം.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 25, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പൂരലഹരിയിൽ സാംസ്കാരിക നഗരി; തെക്കേ ഗോപുരവാതിൽ തുറന്നു, വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഔദ്യോഗിക വിളംബരം.
 

സാംസ്കാരിക നഗരി ഇനി പൂരലഹരിയിലേക്ക്. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഔദ്യോഗിക വിളംബരമായി. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരനഗരി ആവേശക്കടലായി. വെടിക്കെട്ട് ഒഴിവാക്കിയുള്ള ഇത്തവണത്തെ പൂരത്തിന് സുരക്ഷയും ആചാരങ്ങളുമാണ് മുഖ്യം.

രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ചതുമുതൽ നഗരം പൂരപ്രേമികളെക്കൊണ്ട് നിറഞ്ഞു. പതിവുപോലെ കൊമ്പൻ എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റി. മണികണ്ഠനാലിൽ നിന്ന് മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂല സ്ഥാനത്തേക്ക്. അവിടെ വാദ്യകുലപതി കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രശസ്തമായ പാണ്ടിമേളം പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി.

തുടർന്ന് നെയ്തലക്കാവ് ഭഗവതി പടിഞ്ഞാറെ നടവഴി വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പ്രദക്ഷിണം നടത്തി. പൂരവിളംബരത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടന്നത് ഉച്ചയോടെയാണ്. ശിവരാത്രിക്കും പൂരത്തലേന്നും മാത്രം തുറക്കുന്ന വടക്കുന്നാഥന്റെ വമ്പൻ ഗോപുരവാതിൽ തുറന്ന് നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരം വഴി പുറത്തേക്ക്. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തെക്കേ ഗോപുരവാതിലിന് മുന്നിൽ തടിച്ചുകൂടിയത്.

ആവേശത്തിനിടയിലും മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ നിഴലിലാണ് ഇത്തവണ പൂരം. അതുകൊണ്ടുതന്നെ ചരിത്രപരമായ തീരുമാനമാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി കൈക്കൊണ്ടത്. ഇത്തവണ സാംപിൾ വെടിക്കെട്ടും 27-ാം തീയതി പുലർച്ചെ നടക്കേണ്ട പ്രധാന വെടിക്കെട്ടും ഒഴിവാക്കി. പകരം ആചാരപരമായ കതിനകൾ മാത്രം പൊട്ടിക്കും. നാളെയാണ് പൂരവിസ്മയം. രാവിലെമുതൽ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംദിക്കും. തുടർന്ന് 11.30ന് മഠത്തിൽ വരവ് പഞ്ചവാദ്യം. ഉച്ചയ്ക്ക് 2.0ന് ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5ന് വർണാഭമായ കുടമാറ്റം. വെടിക്കെട്ട് ഒഴിവാക്കിയ പശ്ചാത്തലത്തിൽ കുടമാറ്റത്തിന്റെ സമയത്തിലും നിയന്ത്രണമുണ്ട്. ഇരു ഭാഗത്തും 15 ആനകൾ വീതം നിരക്കും. 15 മിനിറ്റുകൊണ്ട് 15 സെറ്റ് കുടകൾ വീതം ഉയർത്തി കുടമാറ്റം പൂർത്തിയാക്കും. അതേസമയം വാദ്യക്കാരുടെ എണ്ണത്തിലോ ആനകളുടെ എണ്ണത്തിലോ മാറ്റമുണ്ടാകില്ല. ഘടകപൂരങ്ങളും പതിവുപോലെ നാളെ പൂരത്തിന്റെ ഭാഗമാകും. സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ വിപുലമായ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പൂരപ്രേമികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു പൂരത്തിനാണ് ഇത്തവണ തൃശൂർ സാക്ഷ്യം വഹിക്കുന്നത്. വെടിക്കെട്ടിന്റെ ശബ്ദമില്ലെങ്കിലും വാദ്യവിസ്മയങ്ങളിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വങ്ങൾ ഉറപ്പുനൽകുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10