Logo
Tue, Jul 07, 2026 • 10:33 PM
LIVE TV
Watch

No business videos available

No Middle East videos available

അഴിമതി പ്രോത്സാഹിപ്പിക്കാന്‍ നിയമസഭാ സമിതിയെ കരുവാക്കി ; സ്പീക്കര്‍ക്കെതിരെ രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 06, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

അഴിമതി പ്രോത്സാഹിപ്പിക്കാന്‍ നിയമസഭാ സമിതിയെ കരുവാക്കി ; സ്പീക്കര്‍ക്കെതിരെ രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ലൈഫ്മിഷന്‍ അഴിമതിയന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പദ്ധതിയുടെ രേഖകള്‍ ആവശ്യപ്പെട്ടത് നിയമസഭയുടെ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി ചിത്രീകരിച്ച് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരായാന്‍ സഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ച സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. രാജ്യത്തെ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതം ഇ.ഡി നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശങ്ങിന്മേലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമിതിയുടെ അധികാര പരിധിയില്‍ വരാത്തതാണ് ഈ വിഷയം. എന്നിട്ടും ഇക്കാര്യത്തില്‍ ജെയിംസ് മാത്യൂവിന്റെ നോട്ടീസ് ലഭിച്ചയുടന്‍ അതില്‍ പ്രഥമ ദൃഷ്ട്യാ അവകാശ ലംഘന പ്രശ്‌നം ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്പീക്കര്‍ സമിതിക്ക് റഫര്‍ ചെയ്തതും കമ്മിറ്റി ഇക്കാര്യത്തില്‍ അമിതമായ ആവേശം കാണിച്ചതും നിയമസഭയിലും അതിന്റെ കമ്മിറ്റികളിലുമുള്ള പൊതു ജനവിശ്വാസം നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ തുടര്‍ന്നു പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 4.35 കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി പ്രതികള്‍ തന്നെ വെളിപ്പെടുത്തിയതാണ്. അത് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് പ്രഖ്യാപിക്കുകയും ധനകാര്യമന്ത്രിയും നിയമ മന്ത്രിയും ശരിവെയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2002 ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലാന്‍ഡറിംഗ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അധികൃതര്‍ അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ലൈഫ് മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്ത് നല്‍കിയത്. ഇത് എങ്ങനെയാണ് നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാകുന്നത്? നവംബര്‍ 3-ാം തീയതി ജെയിംസ് മാത്യു നല്‍കിയ നോട്ടീസ് 4-ാം തീയതി തന്നെ സ്പീക്കര്‍ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് അയക്കുകയും 5-ാംതീയതി കമ്മിറ്റി അടിയന്തിരമായി ചേര്‍ന്ന് ഇ.ഡി. ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം ആരായുവാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്. നവംബര്‍ 11-ാം തീയതി ചേരുവാന്‍ നിശ്ചയിച്ചിരുന്ന സമിതി അതിന്റെ യോഗം മുന്നോട്ടാക്കി 5-ാം തീയതി തന്നെ ചേര്‍ന്ന് ഈ വിഷയം പരിഗണിച്ചതില്‍ നിന്നും, ഈ വിഷയത്തിലുള്ള അമിത താല്പര്യവും ഗൂഢാലോചനയും പകല്‍ പോലെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ലൈഫ് രേഖകള്‍ ഇ.ഡി ആവശ്യപ്പെട്ടതു കാരണം പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വരുമെന്നും ഇത് സഭയുടെ അവകാശത്തിന്റെ ലംഘനമാണെന്നുമുള്ള വാദം തെറ്റാണെന്ന് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായ കൗള്‍ ആന്റ് ഷക്തര്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒരു മന്ത്രി സഭയില്‍ നല്‍കുന്ന ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നത് അവകാശ ലംഘനമോ സഭയോടുള്ള അവഹേളനമോ അല്ലെന്നാണ് കൗള്‍ ആന്റ് ഷക്തര്‍ പേജ് 307 ല്‍ പറയുന്നത്. ( 'Non Implementation of an assurance given by a Minister on the floor of the House is neither a breach of privilege nor a contempt of the house, for the process of implementation of a policy matter is conditional on a number of factors contributing to such policy' [Koul and Shakdher, sixth Edition – page 307] ) ലൈഫ് രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറുടെ നടപടി ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കാരണവശാലും വിഘാതമാകുന്ന ഒന്നല്ല. എന്നിരുന്നാലും, ലൈഫ് മിഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി സഭക്ക് നല്‍കിയ ഉറപ്പ് നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ പോലും, അതില്‍ അവകാശ ലംഘന പ്രശ്‌നം ഇല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സഭാ നാഥനായ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. നിലവില്‍ അന്വേഷണം നടത്തുന്നത്. അപ്രകാരം അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള ഇടപെടല്‍ നിയമസഭാ കമ്മിറ്റിയുടെയും, സ്പീക്കറുടെയും പക്കല്‍ നിന്നും ഉണ്ടായത് തികച്ചും ദു:ഖകരമാണ്. ഒരു നിയമസഭാ സമിതി അതിന്റെ അധികാര പരിധി വിട്ട് ഒരു അഴിമതി അന്വേഷണത്തില്‍ ഇടപെടുന്നത് എപ്രകാരമുള്ള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്ന് രമേശ് ചെന്നിത്തല തുടര്‍ന്നു ചോദിച്ചു. നിയസഭയെയും സഭാ സമിതിയെയും ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴച്ചത് പൊതുജനമദ്ധ്യത്തില്‍ അവയെ അവഹേളന പാത്രമാക്കുന്നതിനും, ജനങ്ങള്‍ക്ക് ഈ സ്ഥാപനത്തോടുള്ള വിശ്വാസത്തിന് മങ്ങലേല്പിക്കുവാനും മാത്രമേ ഉപകരിക്കുകയുള്ളു. നിയമസഭാ അദ്ധ്യക്ഷനെന്ന നിലയില്‍ അഴിമതി അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരുന്നത്. അതിന് വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ട്, സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ കമ്മിറ്റിയെ തന്നെ കരുവാക്കുകയും ചെയ്യുന്ന നടപടിയില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10