Logo
Fri, Jun 12, 2026 • 07:17 PM
LIVE TV
Watch

No business videos available

No Middle East videos available

'എന്തുകൊണ്ട് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുന്നില്ല?; ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു'; നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

'എന്തുകൊണ്ട് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുന്നില്ല?; ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു'; നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ദേശീയതലത്തിൽ മെഡിക്കൽ പ്രവേശനത്തിനായി നടത്തുന്ന നീറ്റ് പരീക്ഷ വീണ്ടും ചോർന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷകളിൽ തുടർച്ചയായി ക്രമക്കേടുകൾ നടന്നിട്ടും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ എന്തുകൊണ്ട് സ്ഥാനത്തുനിന്ന് നീക്കിയില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തെയും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.

 "നീറ്റ് 2024: ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കിയില്ല. മന്ത്രി രാജിവെച്ചതുമില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചു, ഒരു കമ്മിറ്റിയും രൂപീകരിച്ചു. നീറ്റ് 2026: ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. മന്ത്രി ഇപ്പോഴും രാജിവെച്ചിട്ടില്ല. വീണ്ടും സിബിഐ അന്വേഷിക്കുന്നു. മറ്റൊരു കമ്മിറ്റി കൂടി രൂപീകരിക്കും," എന്നിങ്ങനെയാണ് കഴിഞ്ഞ വർഷങ്ങളിലെയും ഇപ്പോഴത്തെയും സാഹചര്യങ്ങളെ താരതമ്യം ചെയ്ത് രാഹുൽ ഗാന്ധി കുറിച്ചത്. ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് മെയ് 3-ന് നടന്ന നീറ്റ് പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) റദ്ദാക്കിയിരുന്നു. ജൂൺ 21-നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ചില ചോദ്യങ്ങൾ ഉന്നയിച്ചു. "മിസ്റ്റർ മോദി, രാജ്യം നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്, അതിന് മറുപടി പറയൂ! എന്തുകൊണ്ടാണ് ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കുന്നത്? വിദ്യാർത്ഥികളുമായി നടത്തുന്ന 'പരീക്ഷാ പേ ചർച്ച'കളിൽ ഈ വിഷയത്തെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല? തുടർച്ചയായി പരാജയപ്പെടുന്ന വിദ്യാഭ്യാസമന്ത്രിയെ നിങ്ങൾ എന്തുകൊണ്ട് പുറത്താക്കുന്നില്ല?" രാഹുൽ ചോദിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി '#SackPradhan' എന്ന ഹാഷ്‌ടാഗും അദ്ദേഹം പങ്കുവെച്ചു.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ അടിയന്തരമായി പുറത്താക്കണമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രി ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 'ബിജെപി-ആർഎസ്എസ്' കൂട്ടുകെട്ട് ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയെ തകർത്തുവെന്നും 22 ലക്ഷത്തോളം വരുന്ന നീറ്റ് ഉദ്യോഗാർത്ഥികളുടെ അധ്വാനമാണ് ഇതിലൂടെ പാഴായതെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ചോദ്യപേപ്പർ വാട്സാപ്പിൽ വിതരണം ചെയ്യപ്പെട്ട വിവരം രാജ്യം മുഴുവൻ അറിഞ്ഞിട്ടും തനിക്ക് ഇതിൽ പങ്കില്ലെന്ന രീതിയിലാണ് മന്ത്രി സംസാരിക്കുന്നതെന്നും രാഹുൽ വീഡിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

യൂണിവേഴ്സിറ്റികളിലും വൈസ് ചാൻസലർ പദവികളിലും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റി പണമുണ്ടാക്കാനുള്ള ആർഎസ്എസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം, ജൂൺ 21-ന് നീറ്റ് പുനഃപരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. ഇത്തരം ക്രമക്കേടുകൾ ഒഴിവാക്കാനായി അടുത്ത വർഷം മുതൽ മെഡിക്കൽ പ്രവേശന പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത (Computer Based) ഫോർമാറ്റിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10