Logo
Sun, Jun 14, 2026 • 07:22 AM
LIVE TV
Watch

No business videos available

No Middle East videos available

കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച: പിന്നിൽ കൃത്യമായ ആസൂത്രണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 29, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച: പിന്നിൽ കൃത്യമായ ആസൂത്രണം
  തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം.കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണെന്നാണ് മോഷണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിൻെറ നിഗമനം. കവർച്ചയ്ക്ക് പിന്നിലുളളവർ കൊട്ടാരവുമായി ബന്ധമുളളവരോ കൊട്ടാരത്തെക്കുറിച്ച് നന്നായി അറിയാവുന്നവരോ ആണെന്നാണ് അന്വേഷണ സംഘത്തിൻെറ നിഗമനം.മോഷണം നടന്നതെന്ന് സംശയിക്കുന്ന മാസത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ വീണ്ടെടുക്കാനാവാത്ത വിധത്തിൽ ആയതിലും മോഷണസംഘത്തിൻെറ കരങ്ങളുണ്ടെന്ന് സംശയിക്കുന്നുണ്ട്.ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പരമാവധി ശ്രമിച്ചിട്ടും സാധ്യമാകാത്തതാണ് സംശയമുയരാൻ കാരണം.ചെന്നൈയിലും ബംഗലരുവിലും താമസിക്കുന്ന രാജകുടുംബാംഗങ്ങളെ പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്.പരാതി നൽകാൻ ഉണ്ടായ കാലതാമസമാണ് ദൃശ്യങ്ങൾ ലഭിക്കാതെ പോയതിന് കാരണമായി പറയപ്പെടുന്നത്.നിശ്ചിത ദിവസത്തേക്ക് മാത്രം ദൃശ്യശേഖരമുളള ക്യാമറകളെ കുറിച്ച് ബോധ്യം ഉളളവരാണ് കവർച്ച നടത്തിയതെന്നും സംശയിക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.ചെന്നൈയിലും ബാംഗ്ലൂരുമുള്ള കൊട്ടാരത്തിലെ ബന്ധുക്കളെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്.ഇതുവരെ ഇരുപതോളം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. കൊട്ടാരത്തിലെ ബന്ധുക്കളുടെ ഫോൺവിവരങ്ങൾ ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.ഫോൺ വിവരങ്ങളിലൂടെയങ്കിലും കേസിൽ തുമ്പുണ്ടാക്കാൻ ആകുമെന്നാണ് പൊലീസിൻെറ പ്രതീക്ഷ.അമൂല്യമായ ആഭരണം നഷ്ടപ്പെട്ടതിനെ കുറിച്ച് നടക്കുന്ന അന്വേഷണത്തോട് കൊട്ടാരത്തിലെ അംഗങ്ങൾ വേണ്ടവിധം സഹകരിക്കുന്നില്ലെന്നും പൊലീസിന് പരാതിയുണ്ട്.രണ്ട് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങളാണ് കവർന്നിരിക്കുന്നതെന്നാണ് പരാതി. 2025 നവംബറിൽ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നാണ് കൊട്ടാരത്തിൽ നിന്ന് പേരൂർക്കട പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുളളത്.എന്നാൽ പരാതി നൽകിയത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രമാണ്. മോഷണം നടന്നുവെന്ന് വ്യക്തമായിട്ടും പരാതി നൽകാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൊട്ടാരത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൌരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.നിരീക്ഷണ ക്യാമറകളും സെക്യൂരിറ്റി ജീവനക്കാരുമുളള കവടിയാർ കൊട്ടാരത്തിൽ നിന്ന് എങ്ങനെ കോടികളുടെ മോഷണം നടന്നുവെന്ന ചോദ്യം അന്വേഷണ സംഘത്തെയും കുഴക്കുന്നുണ്ട്. 150 മുറികളുളള കവടിയാർ കൊട്ടാരത്തിൻെറ രണ്ടാം നിലയിലാണ് അശ്വതി തിരുനാളിൻെറ കിടപ്പുമുറി.ഈ മുറിയിൽ കടന്ന് ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ ആഭരണങ്ങൾ കവരണമെങ്കിൽ അത് കൊട്ടാരത്തെക്കുറിച്ച് വ്യക്തമായ ധാരണയും അറിവും ഉളളവർ തന്നെയാകും എന്നാണ് പൊലീസിൻെറ നിഗമനം.അലമാരയുടെ ഒരുവശത്തുളള ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്.എന്നാൽ അലമാരയുടെ മറുവശത്തെ അറയിലും ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു.അത് മോഷണം പോയിട്ടില്ല എന്നതും മോഷ്ടാക്കൾ കൊട്ടാരവുമായി ബന്ധമുളളവർ തന്നെയാകുമെന്ന അനുമാനത്തിന് ബലം നൽകുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൻെറ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കവടിയാർ കൊട്ടാരത്തിൽ പഴയ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗങ്ങളാണ് താമസിക്കുന്നത്.നാല് കുടുംബങ്ങളാണ് വിശാലമായ കൊട്ടാരത്തിൽ താമസിക്കുന്നത്.ഇവർക്കായി നാൽപ്പതിലേറെ ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്.അന്വേഷണത്തിൻെറ ഭാഗമായി കൊട്ടാരത്തിലെ ജീവനക്കാരെ തടഞ്ഞുവെക്കാനോ ഉപദ്രവിക്കാനോ പാടില്ലെന്നാണ് കൊട്ടാരവാസികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.എന്നാൽ ജീവനക്കാർ മാത്രമല്ല ഇക്കാലയളവിൽ കൊട്ടാരത്തിൽ വന്നുപോയിട്ടുളളത്.കൊട്ടാരംഗങ്ങളുടെ വിശേഷങ്ങൾ ചിത്രീകരിക്കുന്നതിനായി നിരവധി യൂട്യൂബർമാരും മറ്റും പലദിവസങ്ങളിലായി കൊട്ടാരത്തിൽ എത്തിയിട്ടുണ്ടെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചിട്ടുളളത്.ശ്രീപത്മനാഭൻെറ ചിത്രം പതിച്ച സ്വർണപതക്കവും മാലയും, പവിഴമുത്ത് മാല,പിച്ചിപ്പൂമുട്ട് പാദസരം, കറുത്തമുത്തും സ്വർണവും ഇടകലർന്ന പാദസരം, വിവിധ ഡീസൈനുകളിലുളള സ്വർണ വളകൾ, മൂന്ന് പവനിലേറെ തൂക്കമുളള കമ്മലുകൾ, ലക്ഷങ്ങൾ മൂല്യം വരുന്ന നാഗപടമാല തുടങ്ങിയവയാണ് അശ്വതി തിരുനാൾ ഗൌരി ലക്ഷ്മിഭായിയുടെ അലമാരയിൽ നിന്ന് കവർന്നിട്ടുളളത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10